


 
            ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഫാൻസിനായുള്ള ഒരു ട്രീറ്റ് ആകും സിനിമയെന്നും വിക്രം, പേട്ട പോലെ ഒരു പക്കാ ഫാൻ ബോയ് സിനിമയാണ് ഗുഡ് ബാഡ് അഗ്ലിയെന്നും ജി വി പ്രകാശ് കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ആദിക്കിനൊപ്പം ഞാൻ ചെയ്ത 'തൃഷ ഇല്ലാന നയൻതാര', 'മാർക്ക് ആന്റണി' തുടങ്ങിയ സിനിമകൾ ബ്ലോക്കബ്സ്റ്റർ ആയിരുന്നു. 18 വർഷത്തിന് ശേഷമാണ് ഞാൻ ഒരു അജിത് സാർ സിനിമയ്ക്ക് മ്യൂസിക് നൽകുന്നത്. അതുകൊണ്ട് തന്നെ വളരെ സ്പെഷ്യലും മാസും ആയിരിക്കണം ഗുഡ് ബാഡ് അഗ്ലിയിലെ മ്യൂസിക്. വളരെ ഗംഭീര പ്രകടനമാണ് സിനിമയിൽ അജിത് സാർ ചെയ്തിരിക്കുന്നത്. ഫാൻസിനായുള്ള ട്രീറ്റ് ആയിരിക്കും ഗുഡ് ബാഡ് അഗ്ലി. പേട്ട, വിക്രം പോലെയുള്ള ചില സിനിമകളെ നമ്മൾ ഫാൻ ബോയ് സിനിമകൾ എന്ന് വിളിക്കാറില്ലേ, ഇതും അത്തരമൊരു സിനിമയാണ്', ജി വി പ്രകാശ് കുമാർ പറഞ്ഞു.
സിനിമയിൽ സിമ്രാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. 25 വർഷങ്ങൾക്കിപ്പുറം സിമ്രാനും അജിത്തും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കുന്നത്. അവൾ വരുവാല (1998), വാലി (1999), ഉന്നൈ കൊടു എന്നൈ തരുവേൻ (2000) എന്നീ ചിത്രങ്ങളിലാണ് അജിത്തും സിമ്രാനും മുമ്പ് ഒന്നിച്ചത്. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad ugly is a fanboy film says G V prakash Kumar
 
                        
                        