പൊൻമാൻ കണ്ടവരാരും ആ രംഗവും പ്രകടനവും മറക്കില്ല!; കൈയ്യടി നേടി സന്ധ്യാ രാജേന്ദ്രൻ

ലിജോമോളുടെ അമ്മ കഥാപാത്രത്തെ ആണ് സന്ധ്യ രാജേന്ദ്രൻ സിനിമയിൽ അവതരിപ്പിച്ചത്.

dot image

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ സജിൻ ഗോപുവിന്റെയും ബേസിൽ ജോസഫിന്റെയും പ്രകടനങ്ങൾക്ക് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ പ്രകടനത്തിൽ കൈയ്യടി നേടുകയാണ് സന്ധ്യാ രാജേന്ദ്രൻ. ലിജോമോളുടെ അമ്മ കഥാപാത്രത്തെ ആണ് സന്ധ്യ രാജേന്ദ്രൻ സിനിമയിൽ അവതരിപ്പിച്ചത്.

മകളുടെ ജീവിതം സുരക്ഷിതമാക്കാൻ, കല്യാണരാത്രിയിൽ അജേഷിനോട്‌ കെഞ്ചി അപേക്ഷിക്കുന്ന രംഗമൊക്കെ ഒരിക്കലും സിനിമ കണ്ടവർക്ക് മറക്കാൻ കഴിയില്ല. സിനിമയിലുടനീളം ആ അമ്മ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പ്രേക്ഷകമനസ്സുകളിലും എത്തിക്കാൻ ആ പ്രകടനത്തിന് സാധിച്ചു. നാടകാചാര്യൻ ഒ മാധവന്റേയും അഭിനേത്രി വിജയകുമാരിയുടെ മകളും നടൻ മുകേഷിന്റെ സഹോദരിയുമാണ് സന്ധ്യ. പ്രശസ്ത നടൻ രാജേന്ദ്രൻ ആണ് ഭർത്താവ്. സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥിയായിരുന്ന, ശക്തമായ നാടക പശ്ചാത്തലമുള്ള സന്ധ്യാ രാജേന്ദ്രൻ K R മോഹൻ സംവിധാനം ചെയ്ത സ്വരൂപം, R ശരത് സംവിധാനം ചെയ്ത സ്ഥിതി എന്നീ ചിത്രങ്ങളിൽ മാത്രമാണ് മുൻപ് അഭിനയിച്ചിട്ടുള്ളത്.

ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും സിനിമയിലെ പ്രധാന താരങ്ങളാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

Content Highlights: Sandhya rajendran and her performance gets appreciated by audience

dot image
To advertise here,contact us
dot image