
May 28, 2025
05:06 PM
സൂപ്പർ സ്റ്റാർ നടിമാർക്ക് സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് ഐഡി ഉണ്ടെന്നും അതിലൂടെ സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന നടിമാരുടെ പോസ്റ്റിന് താഴെ 'നിങ്ങൾ എല്ലാം ഫീല്‍ഡ് ഔട്ട് ആയി പണ്ടേ' എന്ന കമന്റുകൾ ഇടാറുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'ഐഡി ദി ഫെയ്ക്ക്' എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്‍റെ പ്രതികരണം.
'അടുത്തിടെ കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടി, അവര്‍ക്ക് ഫെയ്ക്ക് ഐഡി ഉണ്ട്. അതിലൂടെ പഴയ നടിമാരൊക്കെ തിരിച്ചു വരുന്നതായ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യും. നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ എന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നത്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണത്രേ.
'ഇതൊക്കെ സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യമാണ്. ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫെയ്ക്ക് ഐഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത്, ധ്യാൻ പറഞ്ഞു.
അഭിമുഖത്തിലെ ഈ ഭാഗം മാത്രമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ആരാണ് ആ നടി എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, മച്ചാന്റെ മാലാഖ, ഐഡി, ജോയ് ഫുള്‍ എന്‍ജോയ്, ഓടും കുതിര ചാടും കുതിര, ബാ.ബാ.ബാ എന്നീ ചിത്രങ്ങളാണ് ധ്യാനിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ആനന്ദ് ശ്രീബാല’ എന്ന ചിത്രമാണ് നടന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.
Content Highlights: dhyan sreenivasan about actresses fake profiles