

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74 ാം പിറന്നാൾ ദിനത്തിലേക്ക് ഇനി നിമിഷങ്ങൾ മാത്രം. ഈ ദിനത്തിൽ നടന്റെ ആരാധകർ അടുത്ത സിനിമകളുടെ വമ്പൻ അപ്ഡേറ്റുകളാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രജനികാന്തിന്റെ അടുത്ത ചിത്രമായ ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ ഈ അപ്ഡേറ്റ് നടന്റെ പിറന്നാൾ ദിനത്തിൽ ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ട്.
ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ റിപ്പോർട്ട് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ നിരാശ പങ്കുവെച്ചിട്ടുണ്ട്.
There will not be any #Jailer2 update tomorrow for #Superstar Birthday!
— Ramesh Bala (@rameshlaus) December 11, 2024
ഡിസംബർ 12 ന് രജനികാന്തിന്റെ അടുത്ത ചിത്രമായ ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ വന്നത്. ജയിലറിലെ രജനിയുടെ ലുക്ക് ടെസ്റ്റ് അടുത്തിടെ നടന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ജയിലർ 2 വിന് താത്കാലികമായി 'ഹുക്കും' എന്ന പേര് നൽകുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായും പിങ്ക് വില്ല അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം. ലോകേഷിന്റെ കൂലിയ്ക്ക് ശേഷം അടുത്ത വർഷം ആദ്യം ജയിലർ 2 ആരംഭിക്കുമെന്നാണ് സൂചന.
എന്നാൽ രജനികാന്ത് ആരാധകർക്ക് ആഘോഷിക്കുന്നതിനായി നടന്റെ പുതിയ ചിത്രമായ കൂലിയുടെ ടീസർ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. 12 ന് അർധരാത്രി, അല്ലെങ്കിൽ പുലർച്ചെ സിനിമയുടെ ടീസർ പുറത്തുവിടുമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. ദേവ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
Content Highlights: Reports that Jailer 2 update postponed