


 
            രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയ്യൻ. ഒക്ടോബർ 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായമാണ് ലഭിച്ചതെങ്കിലും തിയേറ്ററിൽ ചലമുണ്ടാക്കാൻ സാധിച്ചില്ല. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ ഇന്ത്യൻ ബോക്സ്ഓഫീസിൽ വലിയ നഷ്ടമുണ്ടാക്കിയതായാണ് പുതിയ റിപ്പോർട്ട്. സിനിമയുടെ ബജറ്റിനെയപേക്ഷിച്ച് 150 കോടിയുടെ കുറവാണ് വേട്ടയ്യന്റെ ഫൈനല്‍ കളക്ഷനിൽ ഉണ്ടായിരിക്കുന്നത് എന്ന് കോയ്മോയ് റിപ്പോര്‍ട്ട് ചെയ്യുന്നു.
300 കോടി ബജറ്റിലാണ് വേട്ടയ്യൻ ഒരുങ്ങിയത്. എന്നാൽ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 148.15 കോടി മാത്രമാണ് നേടാനായത് എന്ന് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്ക് പ്രകാരം ബജറ്റിനെയപേക്ഷിച്ച് 151.85 കോടിയുടെ കുറവാണ് സിനിമയ്ക്ക് ഉണ്ടായത്. എന്നാൽ വിദേശ ബോക്സ്ഓഫീസ് കളക്ഷനും കൂടി ചേർത്ത് സിനിമ 200 കോടിക്ക് മുകളില്‍ നേടിയതായി ചില അനലിസ്റ്റുകൾ പറയുന്നുണ്ട്. എന്ത് തന്നെയായാലും ചിത്രത്തിന് മുടക്കുമുതൽ തിയേറ്ററുകളിൽ നിന്ന് തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം. മാത്രമല്ല കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു രജനികാന്ത് ചിത്രം ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ തുകയുമാണിത്.
തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ, നിർമാതാക്കൾക്ക് നഷ്ടമാണെന്നും അത് നികത്തുന്നതിനായി ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്.

അതേസമയം ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. നവംബർ 8 ന് ആമസോൺ പ്രൈമിലൂടെ വേട്ടയ്യൻ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. തിയേറ്ററിൽ പ്രേക്ഷകർ കൈവിട്ട ചിത്രത്തിന് ഒടിടിയിൽ ചലനമുണ്ടാക്കാൻ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ.
Content Highlights: Vettaiyan movie faces a deficit of over 150 crores
 
                        
                        