
തമിഴിലെ ജനപ്രിയ നായകനാണ് ശിവകാർത്തികേയൻ. തന്റെ സേഫ് സോണിൽ നിന്ന് മാറി ആക്ഷൻ സിനിമകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് താരം. ഇതിന്റെ ഭാഗമായി യുവ സംവിധായകരിൽ ശ്രദ്ധേയനായ രാംകുമാർ ബാലകൃഷ്ണനൊപ്പം ഒന്നിക്കാനൊരുങ്ങുകയാണ് ശിവകാർത്തികേയൻ.
കഴിഞ്ഞ വർഷം തമിഴിൽ മികച്ച വിജയം കരസ്ഥമാക്കിയ 'പാർക്കിംഗ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാംകുമാർ. ഹരീഷ് കല്യാൺ, ഇന്ദുജ, എം എസ് ഭാസ്‌കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പാർക്കിംഗ്' രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ അടിസ്ഥാനമാക്കിയായിരുന്നു ഒരുക്കിയത്.
പാര്‍ക്കിംഗിന്‍റെ വിജയത്തിന് ശേഷം രാംകുമാർ ഒരുക്കുന്ന ചിത്രത്തിലേക്കാണ് ശിവകാർത്തികേയൻ സമ്മതം മൂളിയിരിക്കുന്നത്. ശിവകാർത്തികേയൻ നായകനായ മാവീരന്റെ നിർമ്മാതാക്കളായ ശാന്തി ടാക്കീസുമായി നിർമാണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ട്.
കമൽ ഹാസൻ നിർമിക്കുന്ന അമരനാണ് ശിവകാർത്തികേയന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും. ഇതിന് പിന്നാലെ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രത്തിലും ശിവകാർത്തികേയൻ അഭിനയിക്കും. ഇതിന് ശേഷമായിരിക്കും രാംകുമാർ ബാലകൃഷ്ണന്റെ സിനിമ ആരംഭിക്കുക.
Content Highlights: Parking Movie director to prepare Sivakarthikeyan's next film