
തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും വീണ്ടും ഒന്നിക്കുന്ന തഗ് ലൈഫ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവരും.
വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. '#തഗ്ഫ്ലൂൻസറുകളുടെ ഉദയം' എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ അപ്ഡേറ്റ് പങ്കുവെച്ചത്. പിന്നാലെ മെയ് 24 ന് സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കും. നേരത്തെ മെയ് 16 നായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്.
നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.
Content Highlights: Thug Life trailer from today