

രാജ്യമെമ്പാടും ആരാധകരുള്ള നടനാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. അദ്ദേഹം നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ ഒരു ആരാധകൻ കാണാനെത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രിയനടനെ കാണാൻ ഒരു ആരാധകൻ സിനിമാ സെറ്റിലെത്തുന്നതിൽ എന്താണ് ഇത്ര പ്രത്യേകത എന്നാണ് ആലോചിക്കുന്നെങ്കിൽ ഈ ആരാധകനും ഈ കൂടികാഴ്ചയ്ക്കും കുറച്ച് പ്രത്യേകതകളുണ്ട്.
മോഹൻലാലിന്റെ 360–ാമത്തെ ചിത്രമായ എൽ 360 യുടെ ചിത്രീകരണം ഇപ്പോൾ തേനിയിലാണ് നടക്കുന്നത്. ഈ ലൊക്കേഷനിലെത്തി മോഹൻലാലിനെ കാണുമ്പോൾ മധുര സ്വദേശി ജയപാണ്ടിക്ക് അതൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്.
1988-ൽ മോഹൻലാലിന്റെ തമിഴ്നാട് ഫാൻസ് അസോസിയേഷൻ രൂപീകരിച്ച ആരാധകനാണ് ജയപാണ്ടി. എന്നാൽ തന്റെ പ്രിയനടനെ ഇതുവരെ നേരിൽ കാണാൻ ജയപാണ്ടിക്ക് സാധിച്ചിരുന്നില്ല. എൽ 360 യുടെ സെറ്റിൽ വെച്ചാണ് ആ ആഗ്രഹം സാധിച്ചത്. മോഹൻലാലും ജയപാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാൽ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
#Jayapandi, A Die hard fan from Madurai meet his idol @Mohanlal today at #L360 Location 😍❤️
— Unni Rajendran (@unnirajendran_) October 21, 2024
He started Tamilnadu Fans Association in the year 1988..!!
He shared these notice posters with me almost 8 Years ago during Pulimurugan days ❤️❤️#Mohanlal #Lalettan pic.twitter.com/4zcTnFSSPC
അതേസമയം എൽ 360 യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്.
Content Highlights: Jaipandi the fan who started Mohanlal Fans Association in Tamil Nadu meets the star