'മലയാള സിനിമയ്ക്കും എനിക്കും നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം';ഒരു വടക്കൻ വീരഗാഥ റീറിലീസിന് ആശംസകളുമായി മമ്മൂട്ടി

35 വർഷങ്ങൾക്ക് ശേഷമാണ് ഒരു വടക്കൻ വീരഗാഥ വീണ്ടും റിലീസ് ചെയ്യുന്നത്

dot image

മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും റിലീസ് ചെയ്യുന്നു. 4 കെ ദൃശ്യമിഴിവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആശംസ വീഡിയോയുമായി മമ്മൂട്ടിയെത്തി.

മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും പ്രിയപ്പെട്ട എംടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച് 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതിക വിദ്യകളോടെ റിലീസ് ചെയ്യുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും(പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വീഡിയോയിൽ പറഞ്ഞു. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

നേരത്തെ കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണെന്നും ടീസർ ഇന്ന് പുറത്തുവിടുമെന്നും മമ്മൂട്ടി വ്യക്തമാക്കി.

35 വർഷങ്ങൾക്ക് ശേഷമാണ് 'ഒരു വടക്കൻ വീരഗാഥ' വീണ്ടും റിലീസ് ചെയ്യുന്നത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു ചിത്രത്തിൽ ഉണ്ണിയാർച്ചയായി എത്തിയത്.

മമ്മൂട്ടിക്ക് പുറമെ ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. നേരത്തെ മമ്മൂട്ടി നായകനായ "പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രവും റീറിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായ ആവനാഴി, അമരം തുടങ്ങിയ ചിത്രങ്ങളും റീറിലീസിന് ഒരുങ്ങുന്നുണ്ട്.

Content Highlights: Oru Vadakkan Veeragatha announce Re Release Mammootty give wishes Video

dot image
To advertise here,contact us
dot image