
May 24, 2025
04:04 AM
കൊച്ചി: നേരം, പ്രേമം എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം മലയാള സിനിമാ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ടാണ് നിവിൻ പോളിയുടെയും അൽഫോൺസ് പുത്രന്റെയും. യുവ പ്രേക്ഷകരെ അത്രമാത്രം കയ്യിലെടുത്ത സിനിമകളായിരുന്നു ഇവർ ഒന്നിച്ചപ്പോൾ ഉണ്ടായത്. ഇപ്പോഴിതാ അൽഫോൺസ് പുത്രന് പിറന്നാൾ ആശംസിച്ച് നിവിൻ പോളി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിക്കുള്ള മറുപടിയാണ് ആകാംക്ഷ ഉയർത്തുന്നത്.
'മച്ചാനെ അടുത്ത സിനിമ പൊളിക്കണ്ടേ' എന്ന് അൽഫോൺസ് പുത്രന്റെ ചോദ്യത്തിന് 'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരുമൊരുമിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവ്വഹിച്ച നേരം 2013ലാണ് പുറത്തിറങ്ങിയത്. നിവിൻ പോളി, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 2015-ലാണ് പ്രേമം റിലീസിനെത്തിയത്. നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വൻ ഹിറ്റായിരുന്നു.