
കമൽഹാസൻ- മണിരത്നം ടീമിന്റെ ‘നായകൻ’ എന്ന ചിത്രം 36-വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നവീകരിച്ച സിനിമ നവംബർ മൂന്നിനാണ് റിലീസ് ചെയ്യുക. ശബ്ദവിന്യാസത്തിലും നിറത്തിലും ഒട്ടേറെ പുതുമകൾ നൽകി സിനിമ മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
തമിഴ്നാട്ടിൽ 120-ഉം കേരളത്തിൽ 60-ഉം തിയേറ്ററുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 280 കേന്ദ്രങ്ങളിലാണ് നായകൻ പ്രദർശനത്തിനെത്തുക. 1987-ലാണ് നായകൻ പുറത്തിറങ്ങിയത്. മുംബൈ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ വേലു നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽ അവതരിപ്പിച്ചത്.
ചിത്രത്തിലൂടെ മികച്ചനടനുള്ള ദേശീയ പുരസ്കാരവും കമൽ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പി സി ശ്രീറാമിനും കലാസംവിധായകനുള്ള പുരസ്കാരം തോട്ടാധരണിക്കും ചിത്രം നേടിക്കൊടുത്തു. ശരണ്യ, ജനകരാജ്, ഡൽഹി ഗണേഷ്, നാസർ, നിഴൽകൾ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.