
ഇന്ത്യൻ സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. ആർആർആർ ലോകവ്യാപകമായി നേടിയ സ്വീകാര്യതയ്ക്കിപ്പുറം രാജമൗലി ഒരുക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രാജമൗലി അവതരിപ്പിക്കുന്ന 'മേഡ് ഇൻ ഇന്ത്യ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ പേരിൽ മാറ്റം ആവശ്യപ്പെടുകയാണ് ഒരുവിഭാഗം പേർ.
ഇന്ത്യൻ സനിമയുടെ പിതാവ് ദാദാസാഹിബ് ഫാൽക്കെയുടെ ജീവചരിത്രം സിനിമയായി അവതരിപ്പിക്കാനൊരുങ്ങുകയാണ് രാജമൗലി. ഇന്ത്യൻ സിനിമയുടെ 'ജനനത്തിന്റെയും ഉയർച്ചയുടെയും' കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് നിതിൻ കക്കറാണ്. പുതിയ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. 'മേഡ് ഇൻ ഇന്ത്യ' എന്ന പേര് 'മേഡ് ഇൻ ഭാരത്' എന്ന് മാറ്റണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം.
'ഭാരത്' എന്ന പ്രയോഗം സംബന്ധിച്ച് രാജ്യത്ത് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെയും പേര് മാറ്റാനുള്ള ആവശ്യം. ഇന്ത്യ എന്നത് ഇംഗ്ലീഷ് പേരാണെന്നും ബ്രിട്ടീഷുകാർ നൽകിയതാണെന്നുമാണ് ഇക്കൂട്ടരുടെ പ്രധാന വാദം.
ഒരു ബയോപിക് നിർമ്മിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച് ഒരു ബയോപിക് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ ടീസർ രാജമൗലി പങ്കുവെച്ചത്. മാക്സ് സ്റ്റുഡിയോസ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളില് വരുണ് ഗുപ്തയും എസ്എസ് കാര്ത്തികേയയും ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.