

ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്. ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് മഹ്നൂർ ഷാരൂഖിനെ കുറിച്ച് സംസാരിച്ചത്. കാണാൻ അത്ര ഭംഗിയില്ലാത്ത വ്യക്തിയാണ് ഷാരൂഖ് എന്നും അദ്ദേഹം സ്വയം മാർക്കറ്റ് ചെയ്യുകയാണെന്നും മഹ്നൂർ ബലൂച് പറഞ്ഞു. നടിയുടെ പരാമർശത്തിനു പിന്നാലെ രോഷാകുലരായിരിക്കുകയാണ് കിംഗ് ഖാൻ ആരാധകർ.
ഷാരൂഖ് ഖാന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്പോൾ അദ്ദേഹം സുന്ദരനായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. വളരെ സൗന്ദര്യമുള്ളവർക്കുപോലും അത്തരമൊരു തേജസ്സ് ഉണ്ടാകണമെന്നില്ല. ഷാരൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരൻ മാത്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരാധകർ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ല, കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല വ്യക്തിത്വമുള്ള ഷാരൂഖ് സ്വയം മാർക്കറ്റ് ചെയ്യുന്നു, മഹ്നൂർ ചൂണ്ടിക്കാട്ടി.
നിരവധി ആരാധകരാണ് നടിയുടെ പരാമർശത്തെ എതിർത്ത് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത്. പറയുന്നത് വിഡ്ഢിത്തമാണ്, ഷാരൂഖ് അസാധാരണ നടനാണ്, ഭാവചക്രവർത്തിയാണ് ഷാരൂഖ്, അദ്ദേഹത്തിന്റെ കണ്ണുകൾ വരെ സംസാരിക്കും, ഒരു നടിയെന്ന നിലയിൽ നിങ്ങളോട് ബഹുമാനമുണ്ട്. പക്ഷേ, പറയുന്നതിൽ ഒരു കഴമ്പുമില്ല, എന്നിങ്ങനെയാണ് കമന്റുകൾ.