

വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിട്ട് 11 വർഷങ്ങൾ. കേരളത്തിൽ ട്രെൻഡ് സെറ്ററായ 'തട്ടത്തിൻ മറയത്ത്' 2012 ജൂലൈ ആറിനാണ് തിയേറ്ററുകളിൽ എത്തിയത്. നിവിൻ പോളി, അജു വർഗീസ് എന്നിവരെ മലയാള സിനിമയുടെ ഭാഗമാക്കിയുറപ്പിച്ച ചിത്രത്തിന്റെ ഓര്മ്മപുതുക്കുകയാണ് വിനീത് ശ്രീനിവാസൻ.
'തട്ടത്തിൻ മറയത്തിന്റെ പതിനൊന്ന് വർഷങ്ങൾ, ഞങ്ങളെ നോക്കൂ...' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണകാലത്തെ അജുവിനും നിവിനുമൊപ്പമുള്ള ചിത്രം വിനീത് പങ്കുവെച്ചിരിക്കുന്നത്. 'സെയ്ദാർ പള്ളിയും ബ്രണ്ണൻ കോളേജും മറക്കാൻ പറ്റുമോ', 'തട്ടം ട്രെൻഡ്', 'ഒരിക്കലും മറക്കില്ല' എന്നിങ്ങനെ പോകുന്നു ചിത്രത്തുനുള്ള ആരാധകരുടെ കമന്റുകൾ. തട്ടം മറ നീങ്ങി ഇന്ന് 11 വർഷം' എന്ന് കുറിച്ചുകൊണ്ട് അജുവും അക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇഷ തൽവാർ ആണ് സിനിമയില് നായികയായെത്തിയത്. മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'മലർവാടി ആർട്സ് ക്ലബ്' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരങ്ങളാണ് അജുവും നിവിനുമെങ്കിലും കരിയർ ബ്രേക്ക് ആകുന്നത് തട്ടത്തിൽ മറയത്തായിരുന്നു. ഒരു യുവ നടന് കിട്ടാവുന്ന ഏറ്റവും വലിയ വിജയമായിരുന്നു സിനിമയുടേത്. ഇന്നും തട്ടത്തിൻ മറയത്തിന് ഏറെ ആരാധകരുണ്ട്.