Top

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന, സൂപ്പര്‍മാന്‍ എന്ന സൂപ്പര്‍ ഹീറോ

സൂപ്പര്‍മാന്‍ എന്നും പ്രതീക്ഷയുടെയും നീതിയുടെയും പ്രതീകമാണ്

13 Oct 2021 9:30 AM GMT
ജോയ്സി ജോണ്‍സണ്‍

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന, സൂപ്പര്‍മാന്‍ എന്ന സൂപ്പര്‍ ഹീറോ
X

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍മാന്‍ കഥാപാത്രത്തെ സ്വവര്‍ഗ അനുരാഗിയായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഡിസി കോമിക്. ഇതോടെ 80 വര്‍ഷം നീണ്ട ചരിത്രം വിപ്ലവകരമായ മാറ്റത്തിന് വഴിമാറും. സൂപ്പര്‍മാന്‍ എന്നും പ്രതീക്ഷയുടെയും നീതിയുടെയും പ്രതീകമാണെന്ന കഥാകൃത്ത് ടോം ടെയ്‌ലറിന്റെ വാക്കുകള്‍ അടിവരയിടുന്ന പ്രഖ്യാപനം. ചിലരെങ്കിലും കരുതുന്നുണ്ടാകും എന്താണ് സൂപ്പര്‍മാന്‍ സ്വവര്‍ഗാനുരാഗിയായാല്‍ വരാന്‍ പോകുന്ന 'വിപ്ലവ'മെന്ന്. ഉത്തരം ലളിതമാണ്, ഇന്നും സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ പീഢനങ്ങള്‍ നേരിടുന്ന അനേകായിരങ്ങള്‍ ഇനി മുതല്‍ സൂപ്പര്‍ ഹീറോമാരുടെ പ്രതീകമാണ്

കുട്ടിക്കാലത്ത് എന്റെ ഹൃദയത്തിലേക്ക് വന്ന സൂപ്പര്‍ഹീറോ സ്വവര്‍ഗാനുരാഗിയായിരുന്നെങ്കില്‍ ഏറെ മുമ്പ് തന്നെ ഞാനും തിരിച്ചറിഞ്ഞേനെ അതൊരു രോഗമോ വൈകല്യമോ പ്രകൃതി വിരുദ്ധമോ ആയ പ്രവൃത്തിയല്ലെന്ന്. അത് ഇന്ന് ടോം ടെയ്‌ലര്‍ തിരുത്തുകയാണ്. ചരിത്രം ദീര്‍ഘമായി ദ്രോഹിച്ച ഒരു ജനതയോട് മറ്റൊരു തരത്തിലുള്ള മാപ്പുപറച്ചിലായും ഇതിനെ വ്യാഖ്യാനിക്കാം. എന്തായാലും സൂപ്പര്‍മാന്‍ മറ്റൊരു നീതിയുടെ, പ്രക്ഷയുടെ പ്രതിരൂപം കൂടിയാവുകയാണ്.

സ്വവര്‍ഗാനുരാഗം

ഒരു ലിംഗത്തിലോ ലിംഗതന്മയിലോ പെട്ടവര്‍ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകര്‍ഷമാണ് സ്വവര്‍ഗലൈംഗികത അഥവ സ്വവര്‍ഗാമുരാഗം. മനുഷ്യ ലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ സ്വവര്‍ഗ്ഗലൈംഗികതയെന്നുള്ള കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്. മനുഷ്യമസ്തിഷ്‌കത്തിലെ മീഡിയല്‍ ടെംപോറല്‍ ലോബില്‍ ഉള്ള മാറ്റങ്ങള്‍ ആണ് സ്വവര്‍ഗ്ഗപ്രണയത്തിന് ഒരു കാരണം എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികളോടും ദ്വിവര്‍ഗ്ഗാനുരാഗികളോടും സമൂഹം വച്ചുപുലര്‍ത്തുന്ന വിവേചനവും യാഥാസ്ഥിതിക ധാരണകളും ഒറ്റപെടുത്തലും അത്തരം വ്യക്തികള്‍ക്ക് മാനസിക സമ്മര്‍ദ്ദവും വിഷാദം പോലെയുള്ള ഗുരുതരമായ മാനസികപ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്.

ലൈംഗികന്യൂനപക്ഷം

സ്വവര്‍ഗപ്രണയിനി (lesbian), സ്വവര്‍ഗപ്രണയി(gay), ഉഭയവര്‍ഗപ്രണയി(bysexual), ഭിന്നലിംഗര്‍(transgender), മിശ്രലിംഗം( intersex), അലൈംഗികര്‍( asexual ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് ലൈംഗികന്യൂനപക്ഷം (lgbtqi)ഇന്ത്യയില്‍ നിലവില്‍ ഉള്ള മൂന്നാം ലിംഗഭേദമായ ഹിജറ/ഹിജഡകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് lgbtqih എന്നും ഉപയോഗിക്കാറുണ്ട്.

മതം

ചരിത്രത്തില്‍ സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമായി കണക്കാക്കപ്പെട്ടതില്‍ മതത്തിന് നിര്‍ണായകമായ പങ്കുണ്ട്. യഹൂദ, ക്രൈസ്തവ, ഇസ്ലാം മത വിഭാഗങ്ങള്‍ ഇതൊരു പാപമായി കാണുന്നു. ബൈബളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാപമായിട്ടാണ് സ്വവര്‍ഗാനുരാഗത്തെ 19 ാം നൂറ്റാണ്ടുകളില്‍ കണ്ടിരുന്നത്. സ്വവര്‍ഗലൈംഗിക താല്‍പ്പര്യമുള്ളവരെ തിരിച്ചറിഞ്ഞാല്‍ സഭയില്‍ നിന്നും പുറത്താക്കുന്ന രീതിയും നില നിന്നിരുന്നു. സാമൂഹിക ഒറ്റപ്പെടുത്തല്‍ അലിഖിത ശിക്ഷകളിലൊന്നായും കണക്കാക്കപ്പെട്ടു. ചിലരൊക്കെ നിയമപരമായി സ്വവര്‍ഗവിവാഹം ശിക്ഷയര്‍ഹിക്കുന്ന കുറ്റമാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഈ വിഷയത്തെ മതപരമായ നീതി ബോധത്തോടെ സമീപിക്കുന്നത് കുറ്റകരമായാണ് കാണപ്പെടുന്നത്.

ഇന്ത്യയിലെ നിയമം

2009 ജൂലൈ 2ന് ദില്ലി ഹൈക്കോടതി പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതതോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് പ്രകൃതി വിരുദ്ധമല്ലെന്നും ക്രിമിനല്‍ കുറ്റമല്ലെന്നും വിധിച്ചു. തുടര്‍ന്ന് ഈ വിധിക്കെതിരെ വിവിധ മത സംഘടനകളുള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി, സ്വവര്‍ഗ്ഗരതി ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിര്‍വചിക്കുന്ന 377ആം വകുപ്പില്‍ ഭരണഘടനാ പ്രശ്‌നമില്ലെന്ന് വിധിക്കുകയുണ്ടായി. സ്വവര്‍ഗാനുരാഗം, സ്വവര്‍ഗ്ഗലൈംഗികത ഉള്‍പ്പെടെ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗികബന്ധവും കുറ്റകരമല്ലന്നും ഇത് പ്രകൃതിവിരുദ്ധമല്ലെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 2018 ല്‍വിധിച്ചു.

ചേര്‍ത്തുനിര്‍ത്തണം

പലതരത്തിലുള്ള മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്ന സമൂഹമാണ് ലൈംഗിക ന്യൂനപക്ഷം. പൊതു സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളും അവഗണനകളും അവര്‍ക്കിടയില്‍ മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് അത് വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും എത്തുന്നു. ഇതിന്റെയൊക്കെ ഉത്ഭവ കാരണം സാമൂഹിക അരക്ഷിതാവസ്ഥയും വേര്‍തിരിവുമാണ്.

Popular Stories

    Next Story