'സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം'; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍

ബിജെപി വിജയിച്ചത് വേദനിപ്പിച്ചു, എല്‍ഡിഎഫ് ജയിച്ചിരുന്നുവെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ലെന്നും മുരളീധരന്‍
'സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം'; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടു നില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തല്‍ക്കാലം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

'വടകരയില്‍ ഞാന്‍ മാറി ഷാഫി എത്തിയപ്പോള്‍ ഭൂരിപക്ഷം ഉയര്‍ന്നതു പോലെ അടുത്ത തവണ തൃശൂരില്‍ മത്സരിക്കാന്‍ ചെറുപ്പക്കാര്‍ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാര്‍ മത്സരിക്കണം. എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. സംഘടനാ സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസത്തിലാണ്. അതു മാറ്റിയെടുക്കേണ്ടതുണ്ട്.' - കെ മുരളീധരന്‍ പറഞ്ഞു.

തൃശൂരില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും ദുഖം ഉണ്ടാവില്ലായിരുന്നുവെന്നും ബിജെപി വിജയിച്ചത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് തല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നു. തൃശ്ശൂരില്‍ തനിക്ക് രാശിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com