

ഈ തിരിച്ചുവരവ് ചന്ദ്രബാബു നായിഡുവിന് ഒട്ടും എളുപ്പമായിരുന്നില്ല. അമരാവതിയിലെയും ഡൽഹിയിലെയും അധികാര ഇടനാഴികളിലേക്ക് ആന്ധ്രാ സിംഹം മടങ്ങിവരുന്നത് എൻഡിഎയുടെ കേവലമൊരു സാമന്തനായല്ല, കിംഗ് മേക്കറായി ആണ്!
തെലുങ്കന്റെ ആത്മാഭിമാനം മുറുകെപ്പിടിച്ചായിരുന്നു എല്ലാ കാലത്തും ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങൾ. ആന്ധ്രയിൽ നിന്ന് ദേശീയതലത്തിലേക്ക് വളർന്ന നേതാവ് അതേ ആത്മാഭിമാനത്തിനായി പോരാടിയാണ് ഓരോ തവണയും ദേശീയസഖ്യങ്ങളിൽ നിന്ന് ഇറങ്ങിപ്പോന്നത്. അതുകൊണ്ടുതന്നെ, ഒരിടവേളയ്ക്ക് ശേഷം ബിജെപിയുമായി വീണ്ടും ബാന്ധവത്തിലായ നായിഡുവിന്റെ നീക്കത്തിൽ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ ആശങ്കപ്പെട്ടിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു ദശാബ്ദമായി സഖ്യകക്ഷികളെ വല്ല്യേട്ടൻ മനോഭാവത്തിൽ മാത്രം പരിഗണിച്ചിരുന്ന ബിജെപി, തിരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ നായിഡുവിന്റെ ടിഡിപിയുമായി കൈകോർക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം മുന്നിൽക്കണ്ടായിരുന്നു ബിജെപിയുടെ ആ നീക്കമെന്ന് കാലം തെളിയിച്ചു. കേവലഭൂരിപക്ഷമെന്ന മാജിക് സംഖ്യയിലേക്കെത്താൻ കഴിയാതെ വന്നതോടെ വർഷങ്ങളായി ബിജെപി ബിജെപി എന്ന് മാത്രം ആർപ്പുവിളിച്ചിരുന്ന സാക്ഷാൽ നരേന്ദ്രമോദി എൻഡിഎ എന്ന് ഉറക്കെ പറഞ്ഞുതുടങ്ങി, ബിജെപിയാവട്ടെ വല്ല്യേട്ടൻ കുപ്പായത്തിൽ നിന്നിറങ്ങി സഖ്യകക്ഷികളെ തോളൊപ്പം ചേർത്തുനിർത്താൻ ശ്രമം തുടങ്ങി. സർക്കാർ രൂപീകരണത്തിന് ടിഡിപിയുടെ സഹായമില്ലാതെ കഴിയില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കപ്പെട്ടു. അങ്ങനെ കിംഗോ കിംഗ് മേക്കറോ ആയി ചന്ദ്രബാബു നായിഡു മാറുകയാണ്.

ലോക്സഭയിലേക്ക് 16 സീറ്റുകളിലും നിയമസഭയിലേക്ക് 135 സീറ്റുകളിലുമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി വിജയിച്ചുകയറിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റ് മാത്രമാണ് ടിഡിപിക്ക് നേടാനായിരുന്നത്. അന്ന് വെന്നിക്കൊടി പാറിച്ച ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയെ നിലംപരിശാക്കിയാണ് ഇക്കുറി ടിഡിപിയുടെ തേരോട്ടം. ടിഡിപി - ബിജെപി- ജെഎസ്പി സഖ്യമാണ് ഇത്തവണ ജഗനെ നേരിട്ടത്. ടിഡിപിയുടെ 16 എംപിമാരെ കൂടെക്കൂട്ടി എൻഡിഎ സർക്കാരുണ്ടാക്കാൻ ബിജെപി തയ്യാറാകുമ്പോൾ ചന്ദ്രബാബുവിന് അത് ഒരു മധുരപ്രതികാരം കൂടിയാണെന്ന് പറയാതെ വയ്യ. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യം 2014ലെ മോദി സർക്കാർ നിഷ്കരുണം തള്ളിയതോടെയാണ് കൂടും കുടുക്കയുമെടുത്ത് സഖ്യവുമുപേക്ഷിച്ച് ചന്ദ്രബാബു നായിഡു എൻഡിഎയിൽ നിന്ന് പടിയിറങ്ങിപ്പോന്നത്. അതേ സഖ്യത്തിലാണ് ഇപ്പോൾ രാജകീയ പരിവേഷത്തോടെ നായിഡു തലയുയർത്തിനിൽക്കുന്നത്.
നായിഡു, കൗശലങ്ങളുടെ നയതന്ത്രജ്ഞൻ
യൂത്ത് കോൺഗ്രസിനൊപ്പമായിരുന്നു നര ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയപ്രവേശം. റായലസീമയിലെ ചിറ്റൂർ ആയിരുന്നു തട്ടകം. 1978ൽ തന്റെ 28ാമത്തെ വയസ്സിലാണ് ചന്ദ്രഗിരിയിൽ നിന്ന് അവിഭക്ത ആന്ധ്രാ നിയമസഭയിലേക്കുള്ള നായിഡുവിന്റെ കന്നിപ്രവേശം. അക്കാലത്ത് തന്നെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സ്ഥാപകൻ എൻ ടി രാമറാവുവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ നായിഡുവിന് കഴിഞ്ഞു. നാല് വർഷത്തിനുള്ളിൽ രാമറാവുവിന്റെ മകൾ ഭുവനേശ്വരിയെ നായിഡു വിവാഹം ചെയ്തു.1983ലെ തിരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർത്ഥിയായി പരാജയപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് പാർട്ടിയുടെ നട്ടെല്ലായി നായിഡു. 1995ൽ രാമറാവു വീണ്ടും അധികാരത്തിലെത്തി. പക്ഷേ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പാര്ട്ടി കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാമറാവുവിനെതിരെ നായിഡു രംഗത്ത് വന്നു. അങ്ങനെ ഭാര്യാപിതാവിനെതിരെ പോലും പടനയിച്ച ചരിത്രമാണ് നായിഡുവിനുള്ളത്. പിന്നീടങ്ങോട്ട് ചന്ദ്രബാബു നായിഡുവിനെ ദേശീയതലത്തിലേക്ക് വളർന്ന നേതാവായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയത്. 1996-98 കാലത്ത് യുണൈറ്റഡ് ഫ്രണ്ടിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1999 മുതൽ 2004 വരെയുള്ള വാജ്പേയി മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയും ചെയ്തു ടിഡിപി. പിന്നീട് യുപിഎ സർക്കാരിനെ പിന്തുണച്ച അദ്ദേഹം ആന്ധ്രാ വിഭജനത്തിന്റെ പേരിൽ ആ ബന്ധം ഉപേക്ഷിച്ചു.

സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും ചെന്നു കയറിയത് എൻഡിഎ പാളയത്തിലാണ്. എൻഡിഎ സഖ്യത്തിനൊപ്പം ചേർന്ന് 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ടിഡിപി തെലങ്കാനയിലെ ഒരു സീറ്റ് ഉൾപ്പടെ 16 സീറ്റുകളിൽ വിജയം കൊയ്തു. അതോടെ മോദി ചന്ദ്രബാബു നായിഡുവിനെ കിംഗ് മേക്കർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സഖ്യകക്ഷികളെ അനുനയിപ്പിച്ചു നിർത്തുന്നതിൽ പ്രധാന ഘടകമായും അന്ന് ചന്ദ്രബാബു നായിഡു പ്രവർത്തിച്ചു. ആന്ധ്രയിലും ടിഡിപി അന്ന് അധികാരത്തിലെത്തി. നിങ്ങള്ക്ക് ജോലി വേണോ, ഹൈദരാബാദ് പോലെയൊരു വികസിത നഗരം വേണോ, എങ്കില് ബാബുവിനെ തിരികെകൊണ്ടു വരൂ എന്നായിരുന്നു 2014ല് ടിഡിപി മുന്നോട്ട് വച്ച തിരഞ്ഞെടുപ്പ് മുദ്രാവാക്യം. വിഭജനത്തോടെ ഹൈദരാബാദിനെ നഷ്ടപ്പെട്ട ആന്ധ്രയ്ക്ക് ഒന്നില് നിന്ന് എല്ലാം തുടങ്ങേണ്ട സ്ഥിതിയായിരുന്നു. അന്ന് ജഗന്റെ വൈഎസ്ആർ കോൺഗ്രസിനെ പിന്തള്ളി ആന്ധ്ര നായിഡുവിനെ വിജയിപ്പിച്ചു. മുഖ്യമന്ത്രിയെന്ന നിലയില് അവിഭക്ത ആന്ധ്രപ്രദേശിന് നായിഡു നല്കിയ സംഭാവനകളായിരുന്നു അതിന് പ്രചോദനമായത്. സാക്ഷാല് ബില്ക്ലിന്റനും ടോണി ബ്ലെയറും വരെ വാഴ്ത്തിയ ആ ഭരണചാതുരിയില് ജനങ്ങള്ക്ക് അത്രക്ക് വിശ്വാസമായിരുന്നു.
പാളിയ കരുനീക്കങ്ങൾ
അമരാവതിയുടെ വികസനം സ്വപ്നം കണ്ട് ഒന്നാം മോദി സർക്കാരിനൊപ്പം നിന്ന ചന്ദ്രബാബു നായിഡുവിന് പക്ഷേ നിരാശയായിരുന്നു ഫലം. കിംഗ് മേക്കറെന്നൊക്കെ വിശേഷിപ്പിച്ച് ഒപ്പം കൂട്ടിയെങ്കിലും പാലം കടന്നപ്പോൾ കൂരായണ എന്ന നിലപാടായിരുന്നു മോദി നായിഡുവിനോട് സ്വീകരിച്ചത്. അടിത്തറയൊക്കെ പാകിയില്ലേ ഇനിയെല്ലാം ഞങ്ങളായിക്കോളാം എന്ന മോദി സ്ട്രാറ്റജിയിൽ നായിഡു തകർന്നു. സഖ്യകക്ഷികളെ സ്വാർത്ഥ ലാഭത്തിനായി മാത്രം ഒപ്പം നിർത്തുന്ന ബിജെപി തന്ത്രം നായിഡുവിന്റെ ആത്മഗൗരവത്തിന് സഹിക്കാനാവുന്നതിനപ്പുറമായിരുന്നു. ജഗന്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള മോദിയുടെ നീക്കവും ചന്ദ്രബാബു നായിഡുവിനെ പ്രകോപിപ്പിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തോടുള്ള മോദിയുടെ വിമുഖത വ്യക്തമായതോടെ ആന്ധ്രയിലെ ജനങ്ങളെ മോദി വഞ്ചിച്ചുവെന്ന് ആവർത്തിച്ചു പറഞ്ഞ് നായിഡു എൻഡിഎ ബാന്ധവം ഉപേക്ഷിച്ചു.

ഞെട്ടിച്ച നാടകീയത
ഇനിയെന്ത് എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കിയ രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച് ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം വന്നു, കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ പോകുന്നു! ആന്ധ്രയിൽ കോൺഗ്രസ് തറപറ്റിയ അവസ്ഥയായിരുന്നു. കോൺഗ്രസിന്റെ പതനത്തോടെ ടിഡിപിയുടെ മുഖ്യശത്രു വൈഎസ്ആർ കോൺഗ്രസ് ആയി. എങ്ങനെയും ആ ശത്രുവിനെ മെരുക്കിയേ പറ്റൂ. അതുകൊണ്ടാണ് ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുക എന്ന ആപ്തവാക്യം ടിഡിപി അന്ന് സ്വീകരിച്ചത്.
നാൽപത് വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ചന്ദ്രബാബു നായിഡു എടുത്ത ഏറ്റവും നാടകീയ തീരുമാനം എന്നാണ് കോൺഗ്രസുമായുള്ള സഖ്യത്തെ അന്ന് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തിയത്. എല്ലാക്കാലത്തും ടിഡിപിയുടെ ബദ്ധവൈരിയായിരുന്നു കോണ്ഗ്രസ്. തെലങ്കാന വിഭജനത്തോടെ ഒരിക്കലും ചേർന്നുപോകാത്ത വിധമുള്ള ശത്രുതയായി അത് വളരുകയും ചെയ്തിരുന്നു. ഇതുപോലൊരു തീരുമാനം ആരും പ്രതീക്ഷിച്ചതേയില്ല. തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ എന്ന പേരിൽ 1982ലാണ് നടനും രാഷ്ട്രീയനേതാവുമായ എൻ ടി രാമറാവു തെലുങ്ക് ദേശം പാർട്ടി രൂപീകരിച്ചത്. രൂപം കൊണ്ട് ഒമ്പതു മാസത്തിനുള്ളിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസിന്റെ പതനവും ടിഡിപി ഉറപ്പ് വരുത്തിയിരുന്നു.

എന്നാല്, മോദിവിരുദ്ധതയില് അടിയുറച്ചുപോയതിനാല് കോണ്ഗ്രസ് ശത്രുത വെറും പഴങ്കഥയായിരുന്നു നായിഡുവിന്. അങ്ങനെയാണ് 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസുമായി സഖ്യം ചേർന്നത്. അപ്പോൾ കണക്കുകൂട്ടലുകള് പലതായിരുന്നു ആന്ധ്രാസിംഹത്തിന് ഉണ്ടായിരുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില് മോദിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം അജയ്യശക്തിയായി വളരും,താന് സഖ്യത്തില് നിര്ണായക ശക്തിയാകും എന്നെല്ലാം നായിഡു കണക്കുകൂട്ടി. ആന്ധ്രയില് വൈഎസ്ആര് കോണ്ഗ്രസിനെ മെരുക്കാന് കോണ്ഗ്രസിന്റെ ബാന്ധവം സഹായകമാകുമെന്നും നായിഡു വിചാരിച്ചു. അതുകൊണ്ടാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈന് നായിഡു സ്വീകരിച്ചതും. പക്ഷേ, കണക്കുകൂട്ടലുകളെല്ലാം അന്ന് പാളി. ടിഡിപിയെ നാമാവശേഷമാക്കി ജഗന്മോഹൻ റെഡ്ഡി ആന്ധ്രയിൽ അധികാരത്തിലേറി. എങ്ങുമെത്താതെ വിശാലപ്രതിപക്ഷ സഖ്യം മോദിപ്രഭാവത്തിനു മുമ്പിൽ മുട്ടുമടക്കി.
വീണ്ടും എൻഡിഎയിലേക്ക്
തകർന്ന് തരിപ്പണമായി ഇരുന്ന അവസ്ഥയിലും ജഗനെ തോല്പിക്കാൻ ബിജെപിയുമായി സഖ്യം ചേരുന്നതിനോട് ചന്ദ്രബാബു നായിഡുവിന് വലിയ താല്പര്യമില്ലായിരുന്നു. നടനും ജെഎസ്പി നേതാവുമായ പവന് കല്യാൺ മുൻകൈ എടുത്താണ് വീണ്ടും നായിഡുവിനെ എന്ഡിഎ പാളയത്തിൽ എത്തിച്ചത്. പ്രധാനമന്ത്രിയുടെ വര്ഗീയ പരാമര്ശങ്ങള് തിരിച്ചടിയാകുമോയെന്ന ഭയം, സംസ്ഥാനത്തെ ന്യൂനപക്ഷവോട്ടുകളില് കണ്ണുവച്ചിരുന്ന നായിഡുവിനെ അലട്ടിയിരുന്നു. എൻഡിഎക്കൊപ്പം ആണെങ്കിലും മുന്നണിയോട് പ്രത്യയശാസ്ത്ര ബാധ്യതകളൊന്നും നായിഡുവിനില്ല.
ഭൂരിപക്ഷ ലോക്സഭാ സീറ്റുകളും സംസ്ഥാന ഭരണവും ഇക്കുറി നേടാനായില്ലെങ്കിൽ രാഷ്ട്രീയ വനവാസം മാത്രമാണ് ബാക്കി എന്ന തിരിച്ചറിവിലാണ് ചന്ദ്രബാബു നായിഡു ഇത്തവണ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തില് വലിയ സ്വാധീനമില്ലാത്ത ബിജെപിയെ ഒപ്പം കൂട്ടിയത് ദേശീയരാഷ്ട്രീയം ലക്ഷ്യം വച്ചെന്നും വ്യക്തമായിരുന്നു.

ജയിൽവാസ കാലം, തിരിച്ചുവരവിന്റെയും
നായിഡുവിന് കഴിഞ്ഞ കുറച്ചുകാലമായി ദുരിതപർവ്വമായിരുന്നു. ചന്ദ്രബാബു നായിഡുവിനെ തടവുകാരനാക്കുക എന്നതിൽ കുറഞ്ഞതൊന്നും ജഗന്മോഹൻ റെഡ്ഡി ആഗ്രഹിച്ചിരുന്നില്ല. ഫലമോ, നൈപുണ്യ വികസന കുംഭകോണക്കേസിലെ നായിഡുവിന്റെ ജയിൽവാസവും! കേസിൽ സെപ്റ്റംബർ 9നാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) നായിഡുവിനെ അറസ്റ്റ് ചെയ്തത്. രാജമുണ്ട്രി ജയിലിലായിരുന്ന നായിഡുവിന് ജനുവരിയിലാണ് കേസിൽ ജാമ്യം അനുവദിച്ചത്. എന്നാൽ, നായിഡുവിന്റെ ജയിൽവാസം പാർട്ടിപ്രവർത്തകരെ അദ്ദേഹത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. ജഗന്റെ പ്രതികാര നടപടിയിൽ രോഷാകുലരായ അണികൾ സംഘടിച്ചു. അതിന്റെയും കൂടി പ്രതിഫലനമായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും പ്രവാസികളായ വോട്ടർമാർ വരെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം ആന്ധ്രയിലേക്കെത്തി.

കാലം കണക്കു പറയാതിരിക്കില്ല, വീണ്ടും തെളിയിക്കപ്പെടുന്നു
1999- 2004ൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു ചന്ദ്രബാബു നായിഡു. സഖ്യകക്ഷികളിൽ പ്രധാനിയും കരുത്തുറ്റ നേതാവുമായി വാജ്പേയി നായിഡുവിനെ പരിഗണിച്ചു. വാജ്പേയിയുടെ സഖ്യ ധർമ്മത്തിലൂന്നിയ പ്രവർത്തനശൈലി പക്ഷേ മോദിക്ക് ഇല്ലായിരുന്നു. 2014ൽ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ നായിഡുവിന് സഖ്യത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു. വീണ്ടും ഒരു പതിറ്റാണ്ടിനിപ്പുറം ചരിത്രം ആവർത്തിക്കുകയാണ്, മോദിക്ക് അധികാരത്തിലേറാൻ നായിഡുവിന്റെ സഹായം വേണം. ഒരിക്കൽ മുഖം തിരിച്ച ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഇക്കുറി വാഗ്ദാനമായി മോദി മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. ഇൻഡ്യ സഖ്യവും സർക്കാർ രൂപീകരണത്തിനായി ചന്ദ്രബാബു നായിഡുവിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, എൻഡിഎക്കൊപ്പം തന്നെ എന്ന നിലപാടിലാണ് നിലവിൽ നായിഡു എന്നാണ് വിവരം.
കണക്കുപറയാതെ കാലം കടന്നുപോകില്ലെന്നാണ് നീതിശാസ്ത്രം. മൂലക്കല്ലായി മോദിയും കൂട്ടരും തള്ളിയ ടിഡിപി ആണിക്കല്ലായി എൻഡിഎ സഖ്യത്തിലേക്ക് തിരികെയെത്തുന്നതിനെ കാലത്തിന്റെ കാവ്യനീതിയെന്നല്ലാതെ എന്തു പറയാൻ!