34 വര്‍ഷത്തെ കരിയറിനിടയില്‍ 57 സ്ഥലംമാറ്റം; അശോക് ഖെംക ഒടുവില്‍ പടിയിറങ്ങി

'നേരെ നില്‍ക്കുന്ന മരങ്ങളാണ് ആദ്യം വെട്ടിമാറ്റപ്പെടുക, ഖേദമില്ല. ദൃഢനിശ്ചയത്തോടെ ഞാന്‍ തുടരും.'

dot image

'നേരെ നില്‍ക്കുന്ന മരങ്ങളാണ് ആദ്യം വെട്ടിമാറ്റപ്പെടുക, ഖേദമില്ല. ദൃഢനിശ്ചയത്തോടെ ഞാന്‍ തുടരും.' അസാമാന്യായ ചങ്കൂറ്റത്തോടെ സിവില്‍ സെര്‍വന്റ് എന്ന പദവി അന്വര്‍ഥമാക്കിയ ഐഎഎസ് ഓഫീസര്‍ അശോക് ഖെംക വിരമിക്കുന്നു. 34 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനിടയില്‍ 57 തവണ സ്ഥലം മാറ്റം! ഹരിയാനയില്‍ ഏറ്റവും കൂടുതല്‍ തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുള്ള രണ്ടാമത്തെ സിവില്‍ സെര്‍വന്റ്. താന്‍ ജോലി ചെയ്തിട്ടുള്ള വകുപ്പുകളിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് അശോക്. അതിന് അശോകിന് ലഭിച്ച ബഹുമതികളാണ് 57 സ്ഥലംമാറ്റങ്ങള്‍. ആറുമാസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയിലായിരുന്നു സ്ഥലംമാറ്റം ഉത്തരവുകള്‍ അദ്ദേഹത്തെ തേടി വന്നുകൊണ്ടിരുന്നു.

2012ല്‍ റോബര്‍ട്ട് വദ്രയുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് കേസില്‍ മ്യൂട്ടേഷന്‍ റദ്ദാക്കുന്നതോടെയാണ് അശോക് ഖെംക ദേശീയ ശ്രദ്ധ നേടുന്നത്. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിന്റെ കാലത്താണ് അശോകിന് സ്ഥിരം മാറ്റം ഒരു പതിവാകുന്നത്. 2014 നവംബറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി നിയമിക്കപ്പെട്ട അശോക് 2015 ഏപ്രില്‍ ആകുമ്പോഴേക്കും ആ പദവിയില്‍ നിന്ന് തെറിച്ചു. അമിതഭാരം കയറ്റിവന്ന ചരക്കുലോറികള്‍ക്കെതിരെ അശോക് സ്വീകരിച്ച നടപടികളാണ് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ദേഹത്തെ എത്തിച്ചത്. 2017ല്‍ അദ്ദേഹം സാമൂഹിക നീതി-വനിതാശാക്തീകരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. എന്നാല്‍ വകുപ്പ് വാഹനം ദുരുപയോഗം ചെയ്‌തെന്ന പേരില്‍ മന്ത്രി കൃഷ്ണ ബേദിയുമായി അദ്ദേഹം കൊമ്പുകോര്‍ത്തു. മനോഹര്‍ലാല്‍ ഖട്ടറിന്റെ ജീവനക്കാര്‍ക്ക് ദീപാവലിക്ക് പ്രത്യേക പരിഗണന നല്‍കിയതിനെ എതിര്‍ത്തു. തുടര്‍ന്ന് അതേവര്‍ഷം നവംബറില്‍ അദ്ദേഹത്തെ കായികവകുപ്പിലേക്ക് സ്ഥലംമാറ്റി. ഖേംകയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹരിയാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആയിരിക്കെ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികളെ അദ്ദേഹം നിയമിച്ചു എന്ന ആരോപണവുമായി ഹരിയാണയിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ റോഷന്‍ ലാല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തോട് ഖെംക പ്രതികരിച്ചിരുന്നില്ല.

2023ലാണ് അഴിമതിക്കെതിരെ പോരാടാന്‍ ആഗ്രഹമുണ്ടെന്നും തന്നെ വിജിലന്‍സ് ഡയറക്ടറാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് അശോക് കത്തെഴുതുന്നത്. ' സര്‍വീസ് അവസാന നാളുകളിലേക്ക് കടക്കുകയാണ്. അഴിമതി തുടച്ചുനീക്കുന്നതിനായി എന്നെ വിജിലന്‍സ് വകുപ്പിന്റെ തലവനായി നിയമിക്കണം. അവസരം ലഭിച്ചാല്‍ അഴിമതിക്കെതിരെ തുറന്ന യുദ്ധം തന്നെ നടത്തും. അതില്‍ ഉന്നതരും ശക്തരുമായ ആരേയും ഒഴിവാക്കില്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.' ഇതായിരുന്നു കത്തിന്റെ സംക്ഷിപ്തം. തന്റെ ബാച്ച് മേറ്റുകള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴുള്ള അതൃപ്തിയും അദ്ദേഹം ചിലപ്പോഴെല്ലാം പ്രകടിപ്പിച്ചിട്ടുണ്ട്. 'ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിമാരായി പുതുതായി നിയമിതരായ എന്റെ ബാച്ച്‌മേറ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍. ഇത് സന്തോഷിക്കാനുള്ള അവസരമാണെങ്കിലും ഒരാള്‍ക്ക് പിന്നില്‍ ഉപേക്ഷിക്കപ്പെട്ടതിനാല്‍ നിരാശയും ഇത് കൊണ്ടുവരുന്നു.' എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, പ്രാധാന്യം കുറഞ്ഞ വകുപ്പുകളിലാണ് പ്രധാനമായും ഖേംകയെ നിയമിച്ചിരുന്നത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് നാല് തവണ ആര്‍ക്കൈവ്‌സ് വകുപ്പിലേക്ക് അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.

Content Highlights: IAS Officer Ashok Khemka, Transferred 57 Times In His Career, Retired

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us