
മലപ്പുറം: തിരൂർ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങൾ ആരംഭിച്ച് മുസ്ലീം ലീഗ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടമെന്നോണം പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ അനുനയിപ്പിച്ച് കൂടെ നിർത്താനാണ് തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന്റെ പേരിൽ ഔദ്യോഗിക ലീഗ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിച്ച് കോലാർകുണ്ട് 21-ാം വാർഡ് സ്വതന്ത്രകൗൺസിലറായ ഐ.പി. ഷാജിറയെ തിരിച്ച് പാർട്ടിയിലെത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ഷാജിറയ്ക്ക് ലീഗ് അംഗത്വം നൽകിയത്. ഐ പി ഷാജിറ രണ്ടാം തവണയാണ് തിരൂർ നഗരസഭാ കൗൺസിലറായത്. സീറ്റ് നിഷേധിച്ചതോടെ ജനറൽ വാർഡിൽ സ്വതന്ത്രയായി മത്സരിച്ച് നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിച്ചത് ഷാജിറയായിരുന്നു.
മുസ്‍ലിംലീഗ് നേതാക്കളുമായുള്ള ചർച്ചയെ തുടർന്നാണ് ഷാജിറ പാർട്ടിയിൽ തിരിച്ചെത്തിയത്. അതേസമയം പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാരോപിച്ച് നടപടിക്ക് വിധേയനായ മുൻ കൌൺസിലർ കൽപ്പ ബാവയെയും പാർട്ടിയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്.
Content Highlights: Muslim League begins preparations for Tirur Municipality elections