സ്കൂട്ടർ കണ്ടെയ്നറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന് സമ്മാനം വാങ്ങാൻ പോകുന്നതിനിടെ

ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം

സ്കൂട്ടർ കണ്ടെയ്നറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന് സമ്മാനം വാങ്ങാൻ പോകുന്നതിനിടെ
dot image

കോട്ടയം: ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഇന്ന് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. എംസി റോഡിൽ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് അപകടം നടന്നത്. ബിനോയി ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലേക്ക് തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായത്. ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പൊടി ഉൽപ്പന്നങ്ങളും സ്പൈസസും ഓട്ടോറിക്ഷയിൽ എത്തിച്ച് ഹോൾസെയിൽ വില്പന നടത്തുകയാണ് ബിനോയി. ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (10-ാം ക്ലാസ്) എന്നിവർ മക്കളാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image