
ദൃശ്യത്തിന്റെയും മെമ്മറീസിൻെറയും ഒരു ക്രോസ്സ് ഓവർ യൂണിവേഴ്‌സ് ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ഒരു സിനിമാറ്റിക് യൂണിവേഴ്‌സിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ദൃശ്യം വേറിട്ട് നിൽക്കുന്ന ഒരു സിനിമയാണെന്നും ജീത്തു പറഞ്ഞു. കൂടാതെ ഭാവിയിലെ കാര്യം ഇപ്പോൾ പറയാനാകില്ലയെന്നും ജീത്തു കൂട്ടിച്ചേർത്തു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.
'അങ്ങനെയൊരു സിനിമാറ്റിക് യൂണിവേഴ്‌സിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ദൃശ്യം എന്നെ സംബന്ധിച്ചിടത്തോളം വേറിട്ട് നിൽക്കുന്ന ഒരു സിനിമയാണ്. എന്റെ തന്നെ മറ്റൊരു ചിത്രത്തിലെ കഥാപാത്രത്തെ ഇതിലേക്ക് കൊണ്ടുവന്ന് ഒരു സിനിമാറ്റിക് യൂണിവേഴസ് രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാൻ താൽപര്യമില്ല. ദൃശ്യം അങ്ങനെ തന്നെ തുടരും എന്നാൽ ഭാവിയിൽ മറ്റൊരു സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാക്കാൻ ശ്രമിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല', ജീത്തു പറഞ്ഞു.
മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജുകുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്', ജീത്തു മുൻപ് പറഞ്ഞിരുന്നു.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: Jeethu Joseph About Drishyam and Memories Crossover movie