ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര് പിടിയില്‍
വിശാഖപട്ടണത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ രാമു
25 Dec 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനാപുരം: ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര് പിടിയില്‍. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവണ്‍കുമാര്‍ (27), രാമു (24) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഹാഷിഷ് ഓയില്‍ ആര്‍ക്ക് കൈമാറാനാണ് കേരളത്തിലെത്തിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതികളില്‍ നിന്ന് ചോദിച്ചറിയും. ജില്ലയുടെ കിഴക്കന്‍മേഖലയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് ഹാഷിഷ് ഓയില്‍, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ വന്തോതിലെത്തിക്കുന്നത് ഇരുവരുമാണെന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പുതുവത്സര ആഘോഷ പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിനാണ് പ്രതികള്‍ ഹാഷിഷ് ഓയില്‍ എത്തിച്ചത്. കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ച ശേഷം മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ആന്ധ്രയില്‍നിന്ന് തീവണ്ടിമാര്‍ഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെ നിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് എത്തിയ പ്രതികളെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. 965 ഗ്രാം ഓയിലാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം രണ്ട് കോടിയോളം വിലമതിക്കും ഇത്.
വിശാഖപട്ടണത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ രാമു എന്നാണ് പൊലീസിന്റെ നിഗമനം. ഡാന്‍സാഫ് ടീം അംഗങ്ങളായ ഡിവൈ.എസ്.പി. ആര്.അശോക് കുമാര്‍, എസ്.ഐ. ബിജു പി.കോശി, പത്തനാപുരം എസ്.എച്ച്.ഒ. എസ്.ജയകൃഷ്ണന്, എസ്.ഐ.മാരായ രവീന്ദ്രന് നായര്‍, മധുസൂദനന് പിള്ള, രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്.
- TAGS:
- HASHISH OIL
- Drugs
- drug mafia