മക്കളുടെ മുന്നിലിട്ട് സുധീഷിന്റെ കാൽ വെട്ടിയെടുത്തു; ഗുണ്ടാ കുടിപ്പക, നിരവധി കേസുകളിൽ പ്രതി
സുധീഷിനെതിരെ മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലായി വധശ്രമത്തിന് ഉള്‍പ്പടെ നിരവധി ക്രിമിനൽ കേസുകളാണ് ഉള്ളത്.
11 Dec 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയായിരുന്നു തലസ്ഥാനത്തെ ആകെമാനം ഞെട്ടിച്ച ക്രൂര കൊലപാതം നടന്നത്. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് (35) കൊല്ലപ്പെട്ടത്. സുധീഷിനെതിരെ മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലായി വധശ്രമത്തിന് ഉള്‍പ്പടെ നിരവധി ക്രിമിനൽ കേസുകളാണ് ഉള്ളത്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി സുധീഷ് പൊലീസിന് മൊഴി നല്കി. ഡി ജി സഞ്ജയ് കുമാര്‍ ഗുരുദിന്, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുധീഷിനെ ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. ഭയന്ന സുധീഷ് വീടിനുള്ളിലേക്ക് ഓടികയറിയെങ്കിലും വാതില്‍ തകർത്ത സംഘം വീടിനുള്ളില്‍കയറി സുധീഷിനെ വെട്ടുകയായിരുന്നു.
വീടിനുള്ളില്‍വെച്ച് യുവാവിന്റെ കാല് വെട്ടിയെടുത്ത സംഘം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചും, പരിസരവാസികളെ വാളും മഴുവും ചൂണ്ടി ഭയപ്പെടുത്തിയുമായിരുന്നു ആക്രമണം. പിന്നീട് ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.