Top

കൊലപാതകം ഉൾപ്പെടെ 28 ക്രിമിനൽ കേസുകൾ, സുധീഷിനെ കൊല അഭിമാന പ്രശ്നം; ഒട്ടകം രാജേഷിന്റെ ജീവിതം

2004-ൽ കഠിനംകുളം പോലീസ് രജിസ്റ്റർചെയ്ത കൊലപാതകക്കേസിലും 2009-ൽ മംഗലപുരം പോലീസ് രജിസ്റ്റർചെയ്ത കൊലപാതകക്കേസിലും രാജേഷ് പ്രതിയാണ്.

26 Dec 2021 4:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊലപാതകം ഉൾപ്പെടെ 28 ക്രിമിനൽ കേസുകൾ, സുധീഷിനെ കൊല അഭിമാന പ്രശ്നം; ഒട്ടകം രാജേഷിന്റെ ജീവിതം
X

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിന് പിന്നാലെയാണ് ഒട്ടകം രാജേഷ് എന്ന കുപ്രസിദ്ധ ​ഗുണ്ടയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെടുന്നത്. സുധീഷിനെ കൊലപ്പെടുത്താൻ സംഘാം​ഗങ്ങളെ ഒന്നിച്ചു ചേർത്തത് ഉൾപ്പെടെ കേസിൽ നിർണായക പങ്കുള്ള വ്യക്തിയായ രാജേഷ് പൊലീസിന് കബളിപ്പിച്ച് ഏറെ നാൾ താമസിക്കുകയും ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി നടക്കുന്ന ലഹരി മാഫിയാ പ്രവർത്തനങ്ങളിൽ രാജേഷിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ രാജേഷ് പങ്കാളിയായിരുന്നുവെന്നാണ് സൂചന. 2004-ൽ കഠിനംകുളം പോലീസ് രജിസ്റ്റർചെയ്ത കൊലപാതകക്കേസിലും 2009-ൽ മംഗലപുരം പോലീസ് രജിസ്റ്റർചെയ്ത കൊലപാതകക്കേസിലും രാജേഷ് പ്രതിയാണ്. ആയുധപയോ​ഗിച്ച് അക്രമം നടത്തുക, വധശ്രമം, ഭീഷണി, മോഷണം തുടങ്ങിയ കേസുകൾ വേറെയും. എന്നാൽ ഈ കേസുകളിലൊന്നും രാജേഷ് ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് വിചിത്രമായ കാര്യം. ഉന്നത ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ രക്ഷപ്പെടലുകൾ. പോത്തൻകോട് സുധീഷിന്റെ കൊലപാതകം മറ്റാർക്കോ വേണ്ടി നടപ്പിലാക്കിയതല്ല, സുധീഷ് തനിക്കും കുട്ടാളികൾക്കും ഭീഷണിയാകുമെന്ന് മനസിലാക്കിയുള്ള കൊലപാതകമായിരുന്നു അത്.

സുധീഷിനെ കൊല്ലാൻ കാരണങ്ങളേറെ

പോത്തൻകോട് കല്ലൂരിൽ നടന്ന അരുംകൊലയ്ക്ക് പിന്നിൽ വ്യത്യസ്ത സംഭവങ്ങളിലെ പ്രതികാരമെന്ന് സൂചന പൊലീസിന് ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചിരുന്നു. ഭാര്യ സഹോദരനും കേസിലെ മൂന്നാം പ്രതിയുമായി ശ്യാമകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരുകയും ചെയ്തു. ശ്യാംകുമാറും കൊല്ലപ്പെട്ട സുധീഷുമായി കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ ശ്യാംകുമാറിനെ സുധീഷ് മർദ്ദിക്കുകയും ചെയ്തു.

പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെ കാണിച്ചുകൊടുത്തത് ശ്യാംകുമാറാണ്. കൊലയാളി സംഘത്തിലും ഇയാളുണ്ടായിരുന്നു. സുധീഷിനെ കൊലപ്പെടുത്താൻ ശ്യാം ഒട്ടകം രാജേഷിന്റെ സഹായം തേടി, സംഘത്തിലെ മറ്റുള്ളവരെ ഒന്നിപ്പിച്ചത് ഒട്ടകം രാജേഷാണ്. സമീപകാലത്ത് രാജേഷിനെതിരെ കേസുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാൾ പൊലീസ് റഡാറിന് പുറത്തായിരുന്നു. രാജേഷിനെ തേടി സുധീഷിനോട് പകയുള്ള മറ്റുള്ളവരുമെത്തി.

കേസിലെ ഒന്നാം പ്രതി ഒന്നാംപ്രതി സുധീഷ് ഉണ്ണി എന്ന ആഴൂർ ഉണ്ണിക്കാണ് സുധീഷിനോട് കൂടുതൽ പകയുണ്ടായിരുന്നു. ഉണ്ണിയുടെ അമ്മയ്ക്ക് നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാൾ. ഉണ്ണി നേരത്തെ തന്നെ സുധീഷിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഒട്ടകം രാജേഷിനൊപ്പം കൊലയാളി സംഘമൊരുക്കുന്നത് സംബന്ധിച്ച നിർണായ പങ്കുവഹിച്ചതും ഇയാൾ തന്നെയാണ്. സുധീഷ് രക്ഷപ്പെടാൻ ശ്രമിച്ചാൽ എന്തു ചെയ്യണമെന്ന് വരെ രാജേഷും ഉണ്ണിയും പദ്ധതിയൊരുക്കിയിരുന്നു.

സുധീഷിനോടു പകയുള്ളവർ സംഘംചേർന്നു

ഊരുപൊയ്ക മങ്കാട്ടുമൂലയിൽ അഖിൽ, വിഷ്ണു എന്നിവർക്ക് ഡിസംബർ ആറിന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിൽ കൊല്ലപ്പെട്ട സുധീഷ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഈ കേസിൽ സുധീഷിന്റെ സു​ഹൃത്തുക്കളിൽ ചിലർ അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും ആക്രമിക്കുന്ന സമയത്ത് തന്നെ ഉണ്ണിയുടെ അമ്മയ്ക്ക് നേരെയും സുധീഷും സംഘവും ബോംബെറിഞ്ഞു. അന്ന് സുധീഷ് കൊല്ലാനെത്തിയത് ഉണ്ണിയെ മാത്രമായിരുന്നു. തലനാരിഴയ്ക്കാണ് ഉണ്ണി അന്ന് രക്ഷപ്പെട്ടത്. രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഉണ്ണിയെ കൊല്ലാൻ സുധീഷ് സ്വീകരിച്ചതെന്ന് പിന്നീട് റിപ്പോർട്ടുകളും പുറത്തുവന്നു.

ഉണ്ണിക്കെതിരായ വധശ്രമവും ശ്യാംകുമാറിന് ക‍ഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയുമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ. സുധീഷ് കൊലയാളി സംഘത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഒട്ടകം രാജേഷിന്റെ നിയന്ത്രണത്തിലുള്ള പല മേഖലകളിലും സുധീഷ് ക‍‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്ന് വിവരമുണ്ട്. അഖിൽ, വിഷ്ണു എന്നിവർക്ക് വെട്ടേറ്റ സംഭവം കൊല ആസൂത്രണം ചെയ്യാൻ സംഘത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ഒട്ടകം രാജേഷിന് തന്റെ ലഹരി വ്യാപാര മേഖലകളിൽ സുധീഷ് നടത്തുന്ന ഇടപെടലുകൾ അഭിമാന പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു.

പട്ടിണിയാവുമെന്ന് പേടിയായി; രാജേഷിനെ പൊലീസ് വലയിലാക്കിയത് ഇങ്ങനെ

പൊലീസിനെ വെട്ടിച്ച് ഏറെ നാൾ ഒളിവിൽ കഴിഞ്ഞ ഒട്ടകം രാജേഷ് കുടുക്കിയത് തമിഴ്നാട്ടിൽ വിളിച്ച ഫോൺ കോളുകൾ. കേസിൽ രാജേഷിനായി വലവരിച്ച പൊലീസ് ഇയാളുമായി ബന്ധമുള്ളവരുടെ എല്ലാ ഫോൺ നമ്പറുകളും പൊലീസ് നിരീക്ഷിച്ചിരുന്നു. ഇതിനിടെ തമിഴ്നാട്ടിലേക്ക് കടന്ന രാജേഷ് നിരീക്ഷണത്തിലുള്ള ഒരാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചു. എന്നാൽ ഫോണിലൂടെ രാജേഷ് പൈസ ആവശ്യപ്പെട്ടപ്പോൾ സുഹൃത്ത് ഫോൺ കട്ടു ചെയ്തു. നമ്പർ ട്രാക് ചെയ്ത അന്വേഷണ സംഘം കോൾ വന്നത് പളനിയിൽ നിന്നാണ് എന്ന് മനസിലാക്കി. റൂറൽ ഷാഡോ സംഘം പളനിയിലെത്തി.

രാജേഷ് ഉപയോഗിച്ച ഫോണിന്റെ ഉടമയായ പളനി സ്വദേശിയുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്തി സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചു. ഇതിലൂടെ കേരളത്തിലേക്കു ദീർഘദൂര ബസുകൾ സർവീസ് നടത്തുന്ന സ്റ്റാൻഡിലേക്ക് രാജേഷ് പോകുന്നുവെന്ന് ബോധ്യപ്പെട്ടു. കെഎസ്ആർടിസി അധികൃതരുടെ സഹായത്തോടെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും രാജേഷിന്റ വിവരങ്ങളും ഫോട്ടോയും അന്വേഷണ ഉദ്യോഗസ്ഥർ കൈമാറിയിരുന്നു.

കോയമ്പത്തൂർ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് കൊല്ലത്തേക്കും രാജേഷ് പോയിരുന്നു. തുടർന്ന് കൊല്ലത്ത് നിന്ന് മറ്റൊരു സുഹൃത്തിനെ വിളിച്ചതായി മനസിലാക്കിയ പൊലീസ് ബസ് സ്റ്റാൻഡ് പരിസരത്തെത്തി. തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ കയറാൻ നിൽക്കുന്ന രാജേഷ് ഷാഡോ പൊലീസ് സമർത്ഥമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാജേഷിനു വേണ്ടിയുള്ള തിരച്ചിലിനിടെ വർക്കലയിൽ കായലിനു നടുവിലെ തുരുത്തിൽ സംഘത്തിലെ പൊലീസുകാരൻ മുങ്ങിമരിച്ചിരുന്നു. വിഷയം ഈ മരണത്തോടെ വൈകാരികമായി. അൻപതിലധികം പേരടങ്ങുന്ന പൊലീസ് സംഘം റൂറൽ ഷാഡോ സംഘത്തോടൊപ്പം അന്വേഷണം നടത്തിയത്.

Next Story

Popular Stories