Top

'മൂന്ന് മരണങ്ങൾ, ഒരാൾ ബോധമില്ലാതെ ആശുപത്രിയിൽ'; നി‍​ഗുഢത നിറഞ്ഞ കല്ലമ്പലത്തെ കൊലപാതകങ്ങളുടെ ചുരുളഴിമ്പോൾ

അജികുമാറിന്റെ മരണം പുറംലോകമറിഞ്ഞതിന് പിറ്റേ ദിവസം സംഘം വീണ്ടും മദ്യപിക്കാനായി ഒത്തുചേർന്നു.

3 Feb 2022 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് മരണങ്ങൾ, ഒരാൾ ബോധമില്ലാതെ ആശുപത്രിയിൽ; നി‍​ഗുഢത നിറഞ്ഞ കല്ലമ്പലത്തെ കൊലപാതകങ്ങളുടെ ചുരുളഴിമ്പോൾ
X

കല്ലമ്പല്ലത്ത് സുഹൃത്തുക്കളായ മൂന്നുപേരുടെ മരണത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ യാതൊരു ഔദ്യോ​ഗിക വിവരവും പൊതുസമൂഹത്തിനുണ്ടായിരുന്നില്ല. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥനായ മുള്ളറംകോട് കാവുവിള ലീല കോട്ടേജിൽ അജികുമാറിനെ വീട്ടിൽ കണ്ടെത്തുന്നതോടെയാണ് സംഭവങ്ങളുടെ ആരംഭം. പിന്നാലെ മുള്ളറംകോട് അജീഷ് ഭവനിൽ അജിത്ത് എന്നയാൾ കൊല്ലപ്പെടുന്നു. അജീഷിനൊപ്പമുണ്ടായിരുന്ന പ്രവീൺ എന്നയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആദ്യഘട്ടത്തിൽ ഇതൊരു വാഹനാപകടമായിരുന്നു. അ​ധികം താമസമില്ലാതെ പ്രസിഡന്റ് ജം‌ക്‌ഷൻ കാവുവിള വീട്ടിൽ ജിംനേഷ്യം ഉടമ ബിനുരാജ് കെഎസ്ആർടിസി ബസ് ഇടിച്ച് മരണപ്പെട്ടു.

കൊലപാതകങ്ങൾ തമ്മില്‍ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് വിശദമായ അന്വേഷണത്തിന് നീക്കങ്ങൾ ആരംഭിച്ചു. ആദ്യം ഉത്തരം തേടിയിറങ്ങിയത് അജികുമാറിന്റെ കൊലപാതകത്തിന് പിന്നിലെ കഥ. കൊലപാതകത്തിന് പിന്നിലെ കാരണമന്വേഷിച്ച പൊലീസ് മാസങ്ങൾക്ക് മുൻപ് നടന്ന ഒരു മദ്യപാന സദസിലേക്കാണ് എത്തിയത്. മദ്യപാനത്തിനിടെ ബിനുരാജ് അജികുമാറിനെ അടിച്ചിരുന്നുവെന്ന് പൊലീസിന് മനസിലായി. വേറെ സുഹൃത്തുക്കളുമായി എത്തി അജികുമാർ തിരിച്ചടിച്ചു. കാര്യങ്ങൾ ഇതോടെ അവസാനിച്ചുവെന്നായിരുന്നു സുഹൃത്തുക്കൾ കരുതിയത്. എന്നാൽ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല.

ഭാര്യയുമായി വേർപെട്ട് താമസിക്കുന്ന അജികുമാറിന്റെ വസതിക്ക് സമീപത്ത് വീടുകളില്ല. സ്ഥിരമായി ​ഗുണ്ടകൾ ഉൾപ്പെടെയുള്ള സംഘം മദ്യപാനത്തിനായി എത്തുന്ന സ്ഥലം. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയാൽ ഞായറാഴ്ച രാത്രിവരെ തുടർച്ചയായി മദ്യപിക്കാറാണ് പതിവ്. കൊലപാതകം നടക്കുന്ന ദിവസം സമാന രീതിയിൽ മദ്യപിച്ചു. മദ്യപാനത്തിനിടെ അജികുമാറുമായി സുഹൃത്തുക്കൾ തർക്കത്തിലേർപ്പെട്ടു. പഴയ പക മനസിലൊളിപ്പിച്ച ബിനു രാജും സംഘത്തിലുണ്ടായിരുന്നു. പിറ്റേ ദിവസം പത്രക്കാരനെത്തുമ്പോൾ അജികുമാറിനെ മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. മരണ കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്.

അജികുമാറിന്റെ മരണം പുറംലോകമറിഞ്ഞതിന് പിറ്റേ ദിവസം സംഘം വീണ്ടും മദ്യപിക്കാനായി ഒത്തുചേർന്നു. മദ്യപാനത്തിനിടയിൽ വീണ്ടും തർക്കം. വാക്കേറ്റം മൂ‍ച്ഛയേറിയതോടെ ചാങ്ങോട് സ്വദേശി സജീവ് കുമാറെന്നയാൾ തന്റെ വാഹനമെടുത്ത് അജിത്ത്, പ്രവീൺ എന്നിവരെ ഇടിച്ചുവീഴ്ത്തി. അജിത്ത് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രവീൺ ഇപ്പോഴും അത്യാസന്ന നിലയിലാണ്. പ്രവീൺ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അജികുമാറിന്റെ കൊലപാതകത്തിൽ സജീവ് കുമാറിന്റെ പങ്ക് വെളിപ്പെടുത്തുമെന്ന് പ്രവീണും അജിത്തും ഭീഷണിപ്പെടുത്തിയതാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമായത്.

അതേസമയം അജികുമാർ വധക്കേസിൽ അന്വേഷണം തന്റെ നേരെയെത്തുമെന്ന് ഭയന്നിരുന്ന ബിനുരാജ് കെഎസ്ആർടിസി ബസിന് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തു. ഡ്രൈവറുടെയും യാത്രക്കാരുടെയും മൊഴി ഇത് സാക്ഷ്യപ്പെടുത്തുന്നതാണ്. പിടിയിലാകുമെന്ന് പേടിച്ചായിരുന്നു ആത്മഹത്യ. പ്രസിഡന്റ് ജം‌ക്‌ഷൻ കാവുവിള വീട്ടിൽ ജിംനേഷ്യം ഉടമയാണ് ബിനുരാജ്. വാഹനാപകടമാണ് ബിനുരാജിന്റെ മരണത്തിന് പിന്നിലെന്ന് കരുതിയ പൊലീസ് കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി നിർണായകമായി.

Next Story