Top

മീൻ വാങ്ങാനെത്തിയ 15 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 68 കാരന് ട്രിപ്പിൾ ജീവപര്യന്തം

2015-ൽ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

30 Dec 2021 2:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീൻ വാങ്ങാനെത്തിയ 15 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; 68 കാരന് ട്രിപ്പിൾ ജീവപര്യന്തം
X

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിൾ ജീവപര്യന്തം. തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടി (68) ആണ് ശിക്ഷിക്കപ്പെട്ടത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2015-ൽ വാടാനപ്പിള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. വാടാനപ്പള്ളി മീൻ മാർക്കറ്റിൽ നിന്നും മീൻ കൊണ്ടുവന്ന് വീട്ടിൽവെച്ച് വില്‍പ്പന നടത്താറുണ്ടായിരുന്നു പ്രതി. അങ്ങനെ സംഭവദിവസം അയല്‍വാസിയായ പതിനഞ്ചുകാരി വീട്ടില്‍ മീന്‍വാങ്ങുന്നതിനായി എത്തിയപ്പോഴായിരുന്നു അതിക്രമം.

കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തായിരുന്നു വാദം. ഡിഎന്‍എ പരിശോധനയിൽ ഇരയായ പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തു. ഇതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയാണ് ഹാജരായത്.

Next Story