Top

ഗുപ്റ്റിലും ചാപ്മാനും വെല്ലുവിളിയായി; കിവീസിനെതിരേ ജയ്പൂരില്‍ ജയിക്കാന്‍ ഇന്ത്യക്ക് 165 റണ്‍സ് ലക്ഷ്യം

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.

17 Nov 2021 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുപ്റ്റിലും ചാപ്മാനും വെല്ലുവിളിയായി; കിവീസിനെതിരേ ജയ്പൂരില്‍ ജയിക്കാന്‍ ഇന്ത്യക്ക് 165 റണ്‍സ് ലക്ഷ്യം
X

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയ്പൂരില്‍ ഇന്ത്യക്ക് ജയിക്കാന്‍ 165 റണ്‍സ് വിജയലക്ഷ്യം. ജയ്പൂരിലെ സവായ് മാന്‍സിങ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.

42 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 70 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 63 റണ്‍സ് നേടിയ മധ്യനിര താരം മാര്‍ക് ചാപ്മാനുമാണ് അവരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇവര്‍ക്കു പുറമേ 12 റണ്‍സ് നേടയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സെയ്ഫര്‍ട്ടിനു മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഡാരില്‍ മിച്ചല്‍(0), ഗ്ലെന്‍ ഫിലിപ്‌സ്(0), രചിന്‍ രവീന്ദ്ര(7), മിച്ചല്‍ സാന്റ്‌നര്‍(4 നോട്ടൗട്ട്), ടിം സൗത്തി(0 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റര്‍മാരുടെ പ്രകടനം. ഇന്ത്യക്കു വേണ്ടി നാലോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറുമാണ് തിളങ്ങിയത്. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ നായകനായി ഔദ്യോഗികമായി അരങ്ങേറിയ മത്സരത്തില്‍ തന്നെ ടോസ് ജയിച്ച രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ ഫോമിലുള്ള മിച്ചലിനെ പുറത്താക്കി മികച്ച തുടക്കമാണ് ഭുവനേശ്വര്‍ ഇന്ത്യക്ക് സമ്മാനിച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗുപ്റ്റിലും ചാപ്മാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി കിവീസിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ 14-ാം ഓവറിന്റെ രണ്ടാം പന്തില്‍ ചാപ്മാനെ വീഴ്ത്തി അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

അതേ ഓവറില്‍ തന്നെ ഫിലിപ്‌സിനെയും മടക്കിയ അശ്വിന്‍ ഇരട്ടപ്രഹരമേല്‍പിച്ചെങ്കിലും പിടിച്ചു നിന്ന ഗുപ്റ്റില്‍ ഇന്ത്യക്ക് പാരയാകുമെന്ന് തോന്നിച്ചെങ്കിലും 18-ാം ഓവറില്‍ ദീപക് ചാഹര്‍ രക്ഷയ്‌ക്കെത്തി. പിന്നീട് എത്തിയ ആര്‍ക്കും തകര്‍ത്തടിക്കാന്‍ കഴിയാതെ പോയപ്പോള്‍ അവര്‍ 164 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

മൂന്നു പുതുമുഖങ്ങള്‍ ഇടംപിടിച്ച സ്‌ക്വാഡില്‍ നിന്ന് ഒരാള്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ അവസരം നല്‍കിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരാണ് ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചുവരികയും ചെയ്തു.

Next Story

Popular Stories