Top

മണ്ടനാകാനില്ലെന്ന് അക്രം പറഞ്ഞു; ഇപ്പോള്‍ പറയാതെ പറഞ്ഞ് ദ്രാവിഡും, ഇന്ത്യ-പാകിസ്താന്‍ പരിശീലന സ്ഥാനം ഹോട്ട് സീറ്റോ?

ഇപ്പോള്‍ പുതിയ പരിശീലകനെ കണ്ടെത്താനാകാതെ വന്നതോടെയാണ് ദ്രാവിഡിനെ വീണ്ടും സമീപിക്കാന്‍ ബി.സി.സി.ഐ. തയാറായത്. എന്നാല്‍ ആവശ്യം വീണ്ടും ദ്രാവിഡ് തള്ളി.

13 Oct 2021 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ടനാകാനില്ലെന്ന് അക്രം പറഞ്ഞു; ഇപ്പോള്‍ പറയാതെ പറഞ്ഞ് ദ്രാവിഡും, ഇന്ത്യ-പാകിസ്താന്‍ പരിശീലന സ്ഥാനം ഹോട്ട് സീറ്റോ?
X

ഈ മാസം അരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങളാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റിലെയും പരിശീലക സ്ഥാനത്തു നിന്ന് രവി ശാസ്ത്രിയും ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയും പടിയിറങ്ങുകയാണ്.

കോഹ്ലിക്ക് പകരക്കാരനായി ആര് നായക സ്ഥാനം ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെക്കുറേ നിശ്ചയമുണ്ട്. ഉപനായകന്‍ രോഹിത് ശര്‍മയ്ക്കാണ് 99 ശതമാനം ചാന്‍സും. ഇനി രോഹിതിനെ വേണ്ടെന്നു വച്ചാല്‍ കെ.എല്‍. രാഹുലും യുവതാരം റിഷഭ് പന്തും 0.5 ശതമാനം പ്രതീക്ഷകള്‍ വീതം വയ്ക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ആരെത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഇന്ത്യയെ 2011 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിലേക്ക് പരിശീലിപ്പിച്ച ഗ്യാരി കിര്‍സ്റ്റന്‍ മുതല്‍ ഐ.പി.എല്‍. ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകന്‍ ടോം മൂഡി വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ശ്രീലങ്കയില്‍ നടന്ന പര്യടനത്തില്‍ ടീം ഇന്ത്യയുടെ പരിശീലകന്‍ ദ്രാവിഡായിരുന്നു. ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ലങ്കയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് ചുമതലയേല്‍ക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ തനിക്ക് ആ ചുമതലയില്‍ താല്‍പര്യമില്ലെന്നു ദ്രാവിഡ് തുറന്നു പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ക്കള്‍ക്കു വിരാമമായി. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

ഇപ്പോള്‍ പുതിയ പരിശീലകനെ കണ്ടെത്താനാകാതെ വന്നതോടെയാണ് ദ്രാവിഡിനെ വീണ്ടും സമീപിക്കാന്‍ ബി.സി.സി.ഐ. തയാറായത്. എന്നാല്‍ ആവശ്യം വീണ്ടും ദ്രാവിഡ് തള്ളി. നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബി.സി.സി.ഐ. സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണയും ദ്രാവിഡ് ഈ തീരുമാനത്തില്‍ നിലകൊണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.

ദ്രാവിഡ് വീണ്ടും സ്ഥാനം നിരസിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകളാണ് വരുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ ഇതിഹാസ താരം വസീം അക്രത്തെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചതും 'അതിന് താന്‍ മണ്ടനല്ല' എന്ന് അക്രം മറുപടി നല്‍കിയതും അടുത്തിടെയാണ്. അതിനോടു ചേര്‍ത്താണ് ഇപ്പോള്‍ ദ്രാവിഡിന്റെ തീരുമാനത്തെയും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

Popular Stories

    Next Story