'വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ പുഞ്ചിരിക്കുക'; ഗംഭീറിനെ വികാരഭരിതനാക്കി ദ്രാവിഡിന്റെ ശബ്ദസന്ദേശം

ദ്രാവിഡിന്റെ സന്ദേശവും ഗംഭീറിന്റെ മറുപടിയും ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്

dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന ഗൗതം ഗംഭീറിന് ആശംസകള്‍ അറിയിച്ച് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയിലൂടെ പരിശീലകനായി അരങ്ങേറാനൊരുങ്ങുന്ന ഗംഭീറിന് ശബ്ദസന്ദേശത്തിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ദ്രാവിഡിന്റെ സന്ദേശം തന്നെ വികാരഭരിതനാക്കിയെന്ന് ഗംഭീറും പറഞ്ഞു. ദ്രാവിഡിന്റെ സന്ദേശവും ഗംഭീറിന്റെ മറുപടിയും ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

'ഹലോ ഗൗതം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുകയെന്ന ഏറ്റവും ആവേശകരമായ ജോലിയിലേക്ക് സ്വാഗതം. ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെ സ്വപ്‌നങ്ങള്‍ക്കും അതീതമായ കാര്യമായിരുന്നു. അവര്‍ക്കൊപ്പമുള്ള സമയം ഞാന്‍ ഒരുപാട് ആസ്വദിച്ചു. ഇന്ത്യന്‍ പരിശീലകനായി അരങ്ങേറുന്ന താങ്കള്‍ക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു', ദ്രാവിഡ് ശബ്ദസന്ദേശത്തില്‍ പറഞ്ഞു.

'ഇന്ത്യന്‍ ക്രിക്കറ്റിനോട് നിങ്ങള്‍ക്കുള്ള അഭിനിവേശത്തെക്കുറിച്ചും അര്‍പ്പണബോധത്തെക്കുറിച്ചും എനിക്ക് നന്നായി അറിയാം. ഒരു ഇന്ത്യന്‍ പരിശീലകന് മറ്റൊരു പരിശീലകനോട് പറയാനുള്ള അവസാന കാര്യം ഇതാണ്, വലിയ രീതിയിലുള്ള പ്രകോപനങ്ങളിലും ശാന്തനായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക. എത്ര ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിലും പുഞ്ചിരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

വീഡിയോയ്ക്ക് പ്രതികരണവുമായി ഗംഭീറും രംഗത്തെത്തി. 'ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് രാഹുല്‍ ഭായ്. ഞാന്‍ സാധാരണ അത്രപെട്ടെന്ന് വികാരാധീനനാകുന്ന ആളല്ല, പക്ഷേ ആ എന്നെ അദ്ദേഹത്തിന്റെ സന്ദേശം ഇമോഷണലാക്കി. അതൊരു മഹത്തായ സന്ദേശമായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ദ്രാവിഡ് പറഞ്ഞു.

ടി20 ലോകകപ്പ് വിജയത്തിനുശേഷമാണ് ദ്രാവിഡ് പരിശീലക പദവി ഒഴിഞ്ഞത്. പിന്നീടാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്തത്. പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ ദൗത്യമായ ശ്രീലങ്കന്‍ പര്യടനത്തിന് ഇറങ്ങുകയാണ് ഗംഭീര്‍. ഇന്ന് ഏഴ് മണിക്കാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.

dot image
To advertise here,contact us
dot image