
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് സാധിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ വോണ്‍. ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്താന്‍ ജോ റൂട്ടിന് സാധിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിനിടെയാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്നാമനായിട്ടുള്ള റെക്കോര്‍ഡില്‍ റൂട്ട് എട്ടാം സ്ഥാനത്തെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് താരം ശിവ്നരെയ്ന്‍ ചന്തര്‍പോളിനെയാണ് താരം മറികടന്നത്. ഇതിനുപിന്നാലെയാണ് റൂട്ടിനെ പുകഴ്ത്തി വോണ്‍ രംഗത്തെത്തിയത്.
ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലായിരുന്നു റൂട്ട് ചരിത്രനേട്ടം കുറിച്ചത്. ജോ റൂട്ട് 178 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 122 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇംഗ്ലണ്ടിന് വേണ്ടി തന്റെ 63-ാം ടെസ്റ്റ് അര്‍ദ്ധ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് റൂട്ട് റണ്‍വേട്ടയിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഇന്നിങ്സില്‍ 14 റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ 91 പന്തില്‍ താരം അര്‍ധസെഞ്ചുറി തികച്ചു.
ഇതോടെ 11,867 ടെസ്റ്റ് റണ്‍സ് നേടിയ ഇതോടെ ശിവ്നരെയ്ന്‍ ചന്തര്‍പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 122 റണ്‍സുമായി പുറത്തായതോടെ റൂട്ടിന്റെ സമ്പാദ്യം 11,940 ടെസ്റ്റ് റണ്‍സ് ആയി ഉയര്‍ന്നു. 11,953 റണ്‍സുമായി ബ്രയാന്‍ ലാറയാണ് റെക്കോര്‍ഡില്‍ ഇനി റൂട്ടിന്റെ മുന്നിലുള്ളത്.