ലോ സ്കോറിം​ഗ് ത്രില്ലറിൽ ഇന്ത്യ; പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി

നാലാമനായി 30 റൺസെടുത്ത മുഹമ്മദ് റിസ്വാൻ പുറത്തായതോടെയാണ് കളി മാറിയത്
ലോ സ്കോറിം​ഗ് ത്രില്ലറിൽ ഇന്ത്യ; പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. ആവേശം അവസാന പന്തിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് നീലപ്പട വിജയം ആഘോഷിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിൽ ഓൾ ഔട്ടായി. പാകിസ്ഥാന്റെ മറുപടി 20 ഓവറിൽ ഏഴിന് 113 റൺസിലേക്കേ എത്തിയുള്ളു. രണ്ടാം മത്സരവും പരാജയപ്പെട്ട പാകിസ്ഥാന്റെ സൂപ്പർ എട്ട് സാധ്യതകൾ പരുങ്ങലിലായി.

ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം ബൗളിം​ഗ് തിരഞ്ഞെടുത്തു. മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ പാകിസ്ഥാൻ ബൗളർമാർ കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞു. വൺഡൗണായി ക്രീസിലെത്തിയ റിഷഭ് പന്തിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. 31 പന്തിൽ ആറ് ബൗണ്ടറികളുടെ സഹായത്തോടെ റിഷഭ് 42 റൺസെടുത്തു. അക്സർ പട്ടേൽ 20 റൺസും രോഹിത് ശർമ്മ 13 റൺസുമെടുത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ ബൗളർമാരിൽ നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

ലോ സ്കോറിം​ഗ് ത്രില്ലറിൽ ഇന്ത്യ; പാകിസ്ഥാനെ ആറ് റൺസിന് വീഴ്ത്തി
ഇതിഹാസങ്ങൾക്കൊപ്പം വളർന്ന ബാലൻ; മിച്ചൽ മാർഷിൽ പ്രതീക്ഷയുമായി ഓസീസ്

മറുപടി ബാറ്റിം​ഗിൽ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ എന്നിവർ 13 റൺസെടുത്ത് പുറത്തായി. നാലാമനായി 30 റൺസെടുത്ത മുഹമ്മദ് റിസ്വാൻ പുറത്തായതോടെയാണ് കളി മാറിയത്. പിന്നീട് പാക് സംഘത്തെ പിടിച്ചുനിർത്താൻ ഇന്ത്യ ബൗളർമാർക്ക് കഴിഞ്ഞു. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ മൂന്നും ഹാർദ്ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തു. ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനുമേൽ ഇന്ത്യയുടെ ഏഴാം വിജയമാണിത്. ഒരിക്കൽ മാത്രമേ പാക് പടയ്ക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com