മഴ ഒഴിഞ്ഞു, കളി പുനഃരാരംഭിച്ച ഉടനെ കോഹ്‌ലിയും രോഹിത്തും ഔട്ട് ; ഇന്ത്യക്ക് തിരിച്ചടി

മഴ മൂലം ആദ്യ ഓവറിന് ശേഷം നിർത്തിവെച്ച ഇന്ത്യ-പാക് മത്സരം വീണ്ടും പുനരാരംഭിച്ചപ്പോൾ ഇന്ത്യക്ക് വലിയ തിരിച്ചടി
മഴ ഒഴിഞ്ഞു, കളി പുനഃരാരംഭിച്ച ഉടനെ  കോഹ്‌ലിയും  രോഹിത്തും ഔട്ട് ; ഇന്ത്യക്ക് തിരിച്ചടി

ന്യൂയോർക്ക്: മഴ മൂലം ആദ്യ ഓവറിന് ശേഷം നിർത്തിവെച്ച ഇന്ത്യ-പാക് മത്സരം വീണ്ടും പുനരാരംഭിച്ചപ്പോൾ ഇന്ത്യക്ക് വലിയ തിരിച്ചടി. നസീം ഷാ എറിഞ്ഞ രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ വിരാട് കോഹ്‌ലിയുടെയും ഹാരിസ് റഹൂഫ് എറിഞ്ഞ മൂന്നാം ഓവറിന്റെ നാലാം പന്തിൽ രോഹിത്തിന്റെയും വിക്കറ്റ് നഷ്ടമായി. നസീം ഷായുടെ പന്ത് ഓഫിലേക്ക് അടിച്ച വിരാട് കോഹ്‌ലിക്ക് പിഴച്ചു. നസീം ഷാ വിരാടിനെ ഉസ്മാൻ ഖാന്റെ കൈകളിലെത്തിച്ചു. ഹാരിഫ് റഹൂഫിന്റെ പന്തിൽ രോഹിത്തിന്റെ ഷോട്ട് ശ്രമം ഷഹീൻ അഫ്രിദിയുടെ കൈകളിലാണ് അവസാനിച്ചത്.

നേരത്തെ മഴ മൂലം ഒരു മണിക്കൂറോളം വൈകി തുടങ്ങിയ മത്സരം ഒരു ഓവറിന് ശേഷം വീണ്ടും നിർത്തി വെച്ചിരുന്നു. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് ക്രീസിലുണ്ടായിരുന്നത്. ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ എട്ട് റൺസാണ് ഇന്ത്യ നേടിയത്. രോഹിത് ശർമയുടെ തകർപ്പൻ സിക്‌സറും ആദ്യ ഓവറിൽ ഉണ്ടായിരുന്നു.

ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ ബൗൺസ് അനുകൂല പിച്ചിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്. കനത്ത മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാല്‍ പവര്‍ പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിംഗ് എളുപ്പമായിരിക്കില്ല. അസാധാരാണ സ്വിംഗും ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും കൂടിയാകുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്.

അതെ സമയം ആദ്യ മത്സരം തോറ്റ പാകിസ്ഥാന് ഈ മത്സരം നിർണ്ണായകമാണ്. അയർലൻഡിന് എതിരെയുള്ള ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ രണ്ട് പോയിന്റ് നേടിയിരുന്നു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ അമേരിക്കയോട് ആദ്യ മത്സരം തോറ്റ ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. ബാറ്റിങ്ങിൽ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ അസം ഖാന്‍ പുറത്തായപ്പോള്‍ ഇമാദ് വാസിമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ ഗ്ളാമർ പോരാട്ടമായിരുന്നു ഇന്നത്തെ ഇന്ത്യ- പാക് പോരാട്ടം.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com