ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് വ്യത്യസ്തമായ വികാരം; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുകയാണെന്ന് പന്ത്

ബിസിസിഐ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം
ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് വ്യത്യസ്തമായ വികാരം; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുകയാണെന്ന് പന്ത്

ന്യൂയോര്‍ക്ക്: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. 2022 ഡിസംബറില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പന്ത് ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാനൊരുങ്ങുകയാണ്. 15 മാസത്തിന് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ വീണ്ടുമണിയുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പന്ത്.

'ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ച് കളത്തിലിറങ്ങുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ വികാരമാണ്. ഇത്രയും കാലം എനിക്ക് നഷ്ടമായ ഒരു അനുഭവമാണിത്. എനിക്ക് ഇവിടെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', പന്ത് പറഞ്ഞു. ബിസിസിഐ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

'കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാംപിലെത്തിയപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ആസ്വദിക്കുകയാണ്. എന്റെ സഹതാരങ്ങളെ വീണ്ടും കണ്ടുമുട്ടുന്നതും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. അപകടം കാരണം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ എനിക്ക് നഷ്ടമായ സന്തോഷമെല്ലാം എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു', പന്ത് കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബര്‍ 30നാണ് ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവെയില്‍ പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും, 2023 സീസണ്‍ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.

ഐപിഎല്ലിന്റെ 17-ാം സീസണിന് മുന്നെ ഫിറ്റ്‌നസ് വീണ്ടെടുത്താണ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. ഐപിഎല്ലിലെ വ്യക്തിഗത മികവ് താരത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ജഴ്‌സിയണിയുന്നത് വ്യത്യസ്തമായ വികാരം; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുകയാണെന്ന് പന്ത്
ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് തീവ്രവാദ ഭീഷണിയെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി പൊലീസ്

തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍ റിഷഭ് പന്ത് കാഴ്ച വെച്ചത്. 11 ഇന്നിംഗ്സുകളില്‍ നിന്ന് 388 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്. വ്യക്തിഗതമായി തിളങ്ങാനായെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്ലേ ഓഫിലെത്തിക്കാന്‍ ക്യാപ്റ്റന്‍ പന്തിന് സാധിച്ചിരുന്നില്ല. 14 മത്സരത്തില്‍ നിന്ന് ഏഴ് വിജയവും 14 പോയിന്റുമായി ആറാം സ്ഥാനത്താണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com