നിതീഷിനും ഹെഡിനും അര്‍ദ്ധ സെഞ്ച്വറി,ക്ലാസന്റെ വെടിക്കെട്ട്; രാജസ്ഥാന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി
നിതീഷിനും ഹെഡിനും അര്‍ദ്ധ സെഞ്ച്വറി,ക്ലാസന്റെ വെടിക്കെട്ട്; രാജസ്ഥാന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 202 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. നിതീഷ് റെഡ്ഡി (42 പന്തില്‍ 76*), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 19 പന്തില്‍ പുറത്താകാതെ 42 റണ്‍സെടുത്ത് ഹെന്റിച്ച് ക്ലാസനും തിളങ്ങി. രാജസ്ഥാന് വേണ്ടി ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്വന്തം തട്ടകത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ പവര്‍പ്ലേയില്‍ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് സാധിച്ചു. ഓപ്പണര്‍ അഭിഷേക് ശര്‍മ്മ (12), അന്‍മോല്‍പ്രീത് സിങ് (5) എന്നിവരുടെ വിക്കറ്റാണ് രാജസ്ഥാന്‍ വീഴ്ത്തിയത്. ആറാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലേക്ക് ഹൈദരാബാദ് തകര്‍ന്നു.

എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും ക്രീസിലുറച്ച് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 58 റണ്‍സെടുത്ത ഹെഡിനെ ആവേശ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 15ാം ഓവറില്‍ താരം മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 131 ആയിരുന്നു. പകരമെത്തിയ ഹെന്റിച്ച് ക്ലാസനും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോര്‍ 200 കടത്തി. 42 പന്തില്‍ എട്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 76 റണ്‍സെടുത്ത് നിതീഷ് റെഡ്ഡിയും 19 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 42 റണ്‍സെടുത്ത് ക്ലാസനും പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com