ജസ്റ്റ് മിസ്സായി 277 റണ്‍സ്, ഡല്‍ഹിക്ക് മുന്നില്‍ ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം

സുനില്‍ നരൈന്റെ (85) വെടിക്കെട്ട് ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്
ജസ്റ്റ് മിസ്സായി 277 റണ്‍സ്, ഡല്‍ഹിക്ക് മുന്നില്‍ ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമൊരുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് അടിച്ചുകൂട്ടി.

ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യമാണിത്. സുനില്‍ നരൈന്റെ (85) വെടിക്കെട്ട് ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. അംഗ്കൃഷ് രഘുവന്‍ശി (54), ആന്ദ്രേ റസ്സല്‍ (41), റിങ്കു സിങ് (26) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ആന്റിച്ച് നോര്‍ക്യ ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുക്കാന്‍ നൈറ്റ് റൈഡേഴ്‌സിനായി. അഞ്ചാം ഓവറില്‍ ഫില്‍ സാള്‍ട്ടിനെയാണ് (18) കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ഓപ്പണിങ് വിക്കറ്റില്‍ സുനില്‍ നരെയ്‌നൊപ്പം 60 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സാള്‍ട്ട് മടങ്ങിയത്.

വണ്‍ഡൗണായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവന്‍ശിയും നരൈനൊപ്പം തകര്‍ത്തടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ നരൈന്‍- രഘുവന്‍ശി കൂട്ടുകെട്ടിന് കഴിഞ്ഞു. ടീം സ്‌കോര്‍ 160 കടന്നതിന് പിന്നാലെ 13-ാം ഓവറില്‍ നരൈന്‍ മടങ്ങി. 39 പന്തില്‍ ഏഴ് സിക്‌സും ഏഴ് റണ്‍സുമടക്കം 85 റണ്‍സടിച്ചുകൂട്ടിയ നരൈനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

തൊട്ടടുത്ത ഓവറില്‍ രഘുവന്‍ശിയും കൂടാരം കയറി. 27 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 54 റണ്‍സുമാണ് രഘുവന്‍ശിയുടെ സമ്പാദ്യം. പിന്നീടെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (18) അതിവേഗം മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ റിങ്കു സിങ് റസ്സലിനൊപ്പം ചേര്‍ന്ന് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. എട്ട് പന്തില്‍ 26 റണ്‍സെടുത്ത് റിങ്കു അവസാന ഓവറുകളില്‍ കൊല്‍ക്കത്ത സ്‌കോറിന് വേഗത കൂട്ടി.

ജസ്റ്റ് മിസ്സായി 277 റണ്‍സ്, ഡല്‍ഹിക്ക് മുന്നില്‍ ഐപിഎല്ലിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം
വിശാഖപട്ടണത്ത് കൊല്‍ക്കത്തയ്ക്ക് ടോസ്; ഡല്‍ഹിക്കെതിരെ ആദ്യം ബാറ്റുചെയ്യും

ടീം സ്‌കോര്‍ 264ല്‍ നില്‍ക്കേ 19-ാം ഓവറിലെ അവസാന പന്തില്‍ റിങ്കു പുറത്തായി. തൊട്ടടുത്ത പന്തില്‍ റസ്സലിനും മടങ്ങേണ്ടി വന്നു. 19 പന്തില്‍ 41 റണ്‍സെടുത്താണ് റസലിന്റെ മടക്കം. നാല് ബൗണ്ടറിയും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 19.3-ാം ഓവറില്‍ രമണ്‍ദീപ് സിങ് (2) പുറത്തായി. വെങ്കടേഷ് അയ്യരും (5*), മിച്ചല്‍ സ്റ്റാര്‍ക്കും (1*) പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com