
കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ന് കലാശപ്പോര്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും എട്ടാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയും നേർക്കുനേർ. സൂപ്പർ ഫോറിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഇന്ത്യയ്ക്കായിരുന്നു ജയം. പാകിസ്താനെയും ശ്രീലങ്കയെയും വീഴ്ത്തിയ ഇന്ത്യ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റു. സൂപ്പര് ഫോറില് അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില് പാകിസ്താനെ തോൽപ്പിച്ചാണ് ലങ്കൻ നിര കലാശപ്പോരിന് തയ്യാറെടുക്കുന്നത്.
സ്വന്തം സ്റ്റേഡിയം ലങ്കൻ നിരയ്ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. കരുത്തുറ്റ ബാറ്റിങ്ങ് ബൗളിംഗ് നിരയുള്ള ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും ലങ്കൻ ടീമിനെ വിലകുറച്ച് കാണാൻ കഴിയില്ല. ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്ന വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഇന്ന് മടങ്ങിയെത്തും. പേസ് നിരയിൽ മുഹമ്മദ് സിറാജോ മുഹമ്മദ് ഷമിയോ എത്തുകയെന്നത് അന്തിമ ടീം പ്രഖ്യാപനത്തിലെ അറിയാൻ കഴിയു. വാലറ്റം തിളങ്ങാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബാറ്റ് ചെയ്യാൻ കഴിയുന്ന അക്സർ പട്ടേൽ ഇല്ലാത്തത് ഇന്ത്യക്ക് അതിനാൽ ഇരട്ടപ്രഹരമാണ്. അക്സറിന് പകരക്കാരനാകാൻ വാഷിംഗ്ടൺ സുന്ദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില് വൈകുന്നേരം മൂന്ന് മണിക്കാണ് ഫൈനൽ. ഫൈനലിന് മഴ ഭീക്ഷണി നിലനിൽക്കുന്നുണ്ട്. മഴ വില്ലനായാൽ റിസര്വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. ആദ്യ ദിനം നിർത്തുന്നിടത്ത് നിന്നാണ് റിസർവ് ദിനത്തിൽ മത്സരം പുഃനരാരംഭിക്കുക. റിസർവ് ദിനത്തിലും മഴമൂലം 20 ഓവറെങ്കിലും പൂര്ത്തിയാക്കാന് സാധിച്ചില്ലെങ്കില് ഇരു ടീമുകളെയും സംയുക്തചാമ്പ്യന്മാരായി പ്രഖ്യാപിക്കും.