
ഡൽഹി: തീവ്രവാദം അവസാനിപ്പിക്കും വരെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ കളിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. അനന്ത്നാഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കായിക മന്ത്രിയുടെ പ്രതികരണം. തീവ്രവാദം, നുഴഞ്ഞുകയറ്റം, അതിർത്തി കടന്നുള്ള ആക്രമണം ഇവ അവസാനിപ്പിക്കും വരെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ കളിക്കില്ല. ഇക്കാര്യം ബിസിസിഐ നേരത്തെ തീരുമാനിച്ചതാണ്. രാജ്യത്തിന്റെ വികാരങ്ങൾക്കൊപ്പം ജനങ്ങളും നിൽക്കുമെന്നാണ് കരുതുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
2012-13ലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനം ക്രിക്കറ്റ് പരമ്പര കളിച്ചത്. അന്ന് മത്സരങ്ങൾ ഇന്ത്യയിലാണ് നടന്നത്. 2006ലാണ് ഇന്ത്യ ഒടുവിൽ പാകിസ്താനിൽ ക്രിക്കറ്റ് പരമ്പര കളിച്ചത്. ഈ മാസം ആദ്യം ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്താൻ സന്ദർശിച്ചിരുന്നു. ഏഷ്യാ കപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ബിസിസിഐ സംഘത്തിന്റെ സന്ദർശനം. വീണ്ടും ഇന്ത്യ-പാകിസ്താൻ പരമ്പരകൾ നടക്കുമെന്ന് സന്ദർശനശേഷം ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അനന്ത്നാഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തീരുമാനം കടുപ്പിക്കുകയായിരുന്നു.
ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടിലിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികനെ കാണാതായിട്ടുമുണ്ട്. തീവ്രവാദികളെ തുരത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. 13 തീവ്രവാദികളെ ഇന്ത്യൻ സൈന്യം പിടികൂടിയതായാണ് റിപ്പോർട്ടുകൾ.