
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര് ഫോര് മത്സരത്തില് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കുഞ്ഞന് സ്കോര്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില് 213 റണ്സിന് ഓള്ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ദുനിത് വെല്ലാലഗെയും നാല് വിക്കറ്റ് നേടിയ ചരിത് അസലങ്കയുമാണ് ഇന്ത്യയെ കുഞ്ഞന് സ്കോറിലേക്ക് ഒതുക്കിയത്. 48 പന്തില് നിന്ന് 53 റണ്സ് നേടിയ ക്യാപ്റ്റന് രോഹിത് ശര്മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. രോഹിത് ശര്മ്മയും ശുഭ്മന് ഗില്ലും ചേര്ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 11 ഓവറില് വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്സെന്ന മികച്ച നിലയില് നിന്നാണ് ഇന്ത്യ തകര്ന്നുതുടങ്ങിയത്. 12-ാം ഓവറില് ഗില്ലിനെ മടക്കി വെല്ലാലഗെയാണ് ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്കിയത്. 25 പന്തില് നിന്ന് 19 റണ്സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഗില്ലിന് പിന്നാലെ ഇറങ്ങിയ വിരാട് കോഹ്ലി മൂന്ന് റണ്സെടുത്ത് കൂടാരം കയറി. തൊട്ടുപിന്നാലെ രോഹിത് ശര്മ്മയെയും വെല്ലാലഗെ മടക്കി.
താരം ബൗള്ഡായതോടെ സമ്മര്ദത്തിലേക്ക് വീണ ഇന്ത്യ പതറിത്തുടങ്ങി. പിന്നീട് ക്രീസിലൊരുമിച്ച കെ എല് രാഹുലും ഇഷാന് കിഷനും ചേര്ന്ന് ഇന്ത്യന് ഇന്നിങ്സ് ഉയര്ത്തുമെന്ന പ്രതീക്ഷ നല്കി. നാലാം വിക്കറ്റില് 63 റണ്സാണ് ഇരുവരും കൂട്ടിച്ചേര്ത്തത്. 44 പന്തില് നിന്ന് 39 റണ്സെടുത്ത് നില്ക്കുന്ന രാഹുലിനെ പുറത്താക്കി വെല്ലാലഗെ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ തന്നെ ഇഷാന് കിഷനും മടങ്ങി. 33 റണ്സെടുത്ത ഇഷാന് അസലങ്കയ്ക്ക് വിക്കറ്റ് നല്കിയാണ് കളം വിട്ടത്. ഹാര്ദിക് പാണ്ഡ്യക്കും വെല്ലാലഗെക്ക് മുന്നില് പിടിച്ചുനില്ക്കാനായില്ല. അഞ്ച് റണ്സെടുത്ത് നില്ക്കുന്ന ഹാര്ദിക്കിനെ തന്റെ സ്പെല്ലിലെ അവസാന പന്തില് പുറത്താക്കിയാണ് വെല്ലാലഗെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. പിന്നാലെയെത്തിയ. രവീന്ദ്ര ജഡേജ (4), ജസ്പ്രിത് ബുമ്ര (5), കുല്ദീപ്(0) എന്നിവര് നിരാശപ്പെടുത്തി. മുഹമ്മദ് സിറാജിനെ (പുറത്താവാതെ 4) കൂട്ടുപിടിച്ച് അക്സര് പട്ടേല് (26) നടത്തിയ പോരാട്ടമാണ് ഇന്ത്യന് സ്കോര് 200 കടത്തിയത്.