
കൊളംബോ: ഏഷ്യാ കപ്പിനെ വിടാതെ പിന്തുടരുകയാണ് മഴ. ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ സൂപ്പർ ഫോറിലും മഴ മത്സരം തടസപ്പെടുത്തിയിരിക്കുകയാണ്. മികച്ച ബാറ്റിങ്ങുമായി ഇന്ത്യ മുന്നേറുന്നതിനിടയിലാണ് മഴ വില്ലനായി എത്തിയത്. മഴ എത്തിയപ്പോൾ ഗ്രൗണ്ട് മൂടാൻ സഹായിക്കുന്ന പാക് താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമുഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പിച്ച് മൂടാന് ഒരുങ്ങുന്ന ഗ്രൗണ്ട് സ്റ്റാഫുകളെ പാകിസ്ഥാന് താരം ഫഖര് സമാന് ആണ് സഹായിക്കുന്നത്. പാകിസ്ഥാന് ഓപ്പണർ കൂടിയായ സമാൻ ടാര്പോളിന് വിരിക്കാന് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് ഒപ്പം നീങ്ങുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് മത്സരം നിർത്തിവെച്ചപ്പോൾ ഇന്ത്യ മികച്ച സ്കോർ ലക്ഷ്യമിടുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യ 24.1 ഓവറില് 2 വിക്കറ്റിന് 147 റൺസെന്ന നിലയിലായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ചുറി നേടി. ഇരുവരുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിരാട് കോഹ്ലി എട്ട് റൺസുമായും കെ എൽ രാഹുൽ 17 റൺസുമായും ക്രീസിലുണ്ട്.
രോഹിത് ശര്മ, ശുഭ്മാന് ഗില് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 49 പന്തുകള് നേരിട്ട രോഹിത് നാല് സിക്സും ആറ് ഫോറും സഹിതം 56 റൺസ് നേടിയിരുന്നു. 52 പന്തുകള് നേരിട്ട് 10 ഫോറുകളോടെയാണ് ഗില്ലിന്റെ 58. വിരാട് കോലി (8), കെ എല് രാഹുല് (17) എന്നിവരാണ് ക്രീസില്.