
കൊളംബോ: ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മൂന്നാം മത്സരവും മഴയുടെ കളിയിൽ തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരത്തിനിടയിലും മഴ വില്ലനായെത്തി. ഇതോടെ എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിംഗ് ആകുന്നത് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ്. ബംഗ്ലാദേശും യുഎഇയും വേദിയാക്കാമായിരുന്നിട്ടും ശ്രീലങ്ക തിരഞ്ഞെടുത്തത് ജയ് ഷായുടെ ബുദ്ധിശൂന്യതയാണെന്നായിരുന്നു ആരാധകരുടെ ആക്ഷേപം.
കനത്ത മഴമൂലം മത്സരം തുടരാൻ കഴിയാതെ വന്നതോടെ ഇന്ത്യ - പാകിസ്താൻ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെന്നാൾ ശ്രീലങ്കയ്ക്കെതിരെയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. നാളെ ഇന്ത്യ - പാക് മത്സരം പൂർത്തിയായാൽ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ഇന്ത്യ ക്രിക്കറ്റ് കളിക്കേണ്ടി വരും.
ശ്രീലങ്കയിൽ മെയ് മുതൽ സെപ്റ്റംബർ അവസാനം വരെയാണ് മഴക്കാലം. ഏഷ്യാ കപ്പിൽ തുടർന്നുള്ള മത്സരങ്ങൾക്കും മഴ ഭീഷണിയുണ്ട്. എന്നാൽ മറ്റ് മത്സരങ്ങൾക്ക് റിസർവ് ദിനമില്ല. ഏഷ്യാ കപ്പിന് വേദിയാക്കിയ സമയം ശരിയായില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ പ്രതികരിച്ചിരുന്നു. മത്സരങ്ങൾ മുടങ്ങുന്നത് ശ്രീലങ്കൻ ക്രിക്കറ്റിന്റെ വിശ്വസ്തതയെ ബാധിക്കുമെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ആദ്യം പാകിസ്താൻ ആയിരുന്ന ഏഷ്യാ കപ്പ് വേദി. എന്നാൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്നായിരുന്നു വേദി മാറ്റിയത്.