
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഇന്ത്യ - പാകിസ്താൻ മത്സരം റിസർവ് ദിനത്തിൽ. ശക്തമായ മഴ തുടരുന്നതിനാലാണ് മത്സരം രണ്ടാം ദിനത്തിലേക്ക് നീട്ടിയത്. ഇടയ്ക്ക് മഴ മാറി ഒമ്പത് മണിയോടെ മത്സരം തുടരുവാൻ തീരുമാനിച്ചിരുന്നു. 34 ഓവറാക്കി ചുരുക്കി മത്സരം നടത്തുവാനാണ് തീരുമാനിച്ചത്. എന്നാൽ എട്ടരയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായതോടെ മത്സരം മാറ്റിവെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കളി പുനഃരാരംഭിക്കാൻ കഴിയാതെ വന്നതിനാൽ നാളെ 50 ഓവറായി തന്നെ മത്സരം നടക്കും.
മഴയെതുടർന്ന് മത്സരം നിർത്തിവെച്ചപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറില് 2 വിക്കറ്റിന് 147 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ചുറി നേടി. ഇരുവരുടെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി.
49 പന്തുകള് നേരിട്ട രോഹിത് നാല് സിക്സും ആറ് ഫോറും സഹിതം 56 റൺസ് നേടി. 52 പന്തുകള് നേരിട്ട ഗിൽ 10 ഫോറുകളോടെയാണ് 58 റൺസ് നേടിയത്. മത്സരം നിർത്തുമ്പോൾ വിരാട് കോഹ്ലി എട്ട് റൺസുമായും കെ എൽ രാഹുൽ 17 റൺസുമായും ക്രീസിലുണ്ട്. പാകിസ്താന് വേണ്ടി ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.