Top

'എല്ലാത്തരം സിനിമകളും കൺസ്യൂം ചെയ്യാൻ ആളുകളുണ്ട്, നമ്മൾ കാണുക, ആസ്വദിക്കുക, എടുക്കാൻ കഴിയുന്നത് എടുക്കുക, അത്രേയുള്ളു'; കൃഷാന്ദ്

'ആവാസവ്യൂഹം' ഇറങ്ങുന്നതിനൊക്കെ മുമ്പാണ് പുരുഷ പ്രേതത്തിന്റെ കഥ ആലോചിക്കുന്നത്

18 March 2023 2:46 PM GMT
അമൃത രാജ്

എല്ലാത്തരം സിനിമകളും കൺസ്യൂം ചെയ്യാൻ ആളുകളുണ്ട്, നമ്മൾ കാണുക, ആസ്വദിക്കുക, എടുക്കാൻ കഴിയുന്നത് എടുക്കുക, അത്രേയുള്ളു; കൃഷാന്ദ്
X

ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന 'പുരുഷ പ്രേതം' റിലീസിനെത്തുകയാണ്. ഒടിടി റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലറുന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് എന്നാണ് സംവിധായകൻ കൃഷാന്ദും സിനിമയെ കുറിച്ച് പറയുന്നത്. പുരുഷ പ്രേതത്തിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് കൃഷാന്ദ്

പുരുഷ പ്രേതം ഒരു ഹോറർ ചിത്രം മാത്രമാണോ....

പുരുഷ പ്രേതം എന്ന ചിത്രത്തിൽ അമാനുഷികമായ ഘടകങ്ങൾ ഒക്കെ ഉണ്ട്. എന്നിരുന്നാലും വളരെ കുറച്ച് മാത്രമാണ് അത്തരം ഘടകങ്ങൾ ചേർത്തിട്ടുള്ളു. അടിസ്ഥാനപരമായി ഈ കൊളോണിയൽ ഭാഷയിൽ പറഞ്ഞാൽ ശവശരീരത്തിന്റെ വിചാരണയാണ്. അങ്ങനെ ഒരു രീതിയിലാണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. പൊലീസും ''പ്രേതവിചാരണ''യും. എന്നാൽ അതിനിടയിൽ അമാനുഷികതയുടെ ഘടകങ്ങളും. ഇതിൽ രാഷ്ട്രീയപരമായും ഒരു കാര്യം പറയാൻ ശ്രമിക്കുന്നുണ്ട് അത് എന്താണ് എന്ന് സിനിമ കണ്ട് പ്രേക്ഷകർ തന്നെ പറയണം.

ജഗദീഷ് പുരുഷ പ്രേതത്തിന്റെ ഭാഗമാകുന്നുത്...

'ആവാസവ്യൂഹം' ഇറങ്ങുന്നതിനൊക്കെ മുമ്പാണ് പുരുഷ പ്രേതത്തിന്റെ കഥ ആലോചിക്കുന്നത്. 'വൃത്താകൃതിയിലുള്ള ചതുരം' എന്ന സിനിമ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് ജഗദീഷേട്ടനെ ഈ സിനിമയ്ക്ക് വേണ്ടി വിളിക്കുന്നത്. പാർത്ഥൻ എന്ന സുഹൃത്താണ് നമ്പർ നൽകിയത്. അദ്ദേഹത്തിന് മെസേജ് അയച്ചു, കൂടെ കഥയുടെ ഒരു ചെറു ആശയവും പറഞ്ഞു. പിന്നീട് തിരികെ വിളിച്ചപ്പോൾ ഞാൻ വ്യക്തമായ ആശയം പറഞ്ഞു കൊടുത്തു. അതിൽ അദ്ദേഹത്തിന് താല്പര്യം തോന്നിയ ചില കാര്യങ്ങൾ കൂടി പറഞ്ഞു. പിന്നീട് നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ 'നല്ല വൈബ് മാച്ചിങ്' ആയി. അങ്ങനെയാണ് ജഗദീഷേട്ടൻ പുരുഷ പ്രേതത്തിലേക്ക് വന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'സിറ്റി ഓഫ് ഗോഡ്'എന്ന സിനിമയിൽ ജഗദീഷേട്ടൻ ഒരു പൊലീസ് കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ ഇൻ്ററെസ്റ്റിങ് ആയിട്ടുള്ള ഒരു കഥാപാത്രമാണ് അത്. അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. വളരെ രസമാണ് അതിലെ പൊലീസുകാരൻ. അതുപോലെ ലീല, വൺ എന്നീ സിനിമകളിലെ ജഗദീഷിനെ എല്ലാ സിനിമയിലും കാണാൻ കഴിയില്ല. ഈ റഫറൻസുകളാണ് കഥ പറയുമ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞത്.

പുരഷ പ്രേതത്തിലേക്ക് ദേവകി വരുന്നത്..

'റോഡ് റാഷ്' എന്ന സീരീസിൽ ദേവകി അഭിനയിച്ചിട്ടുണ്ടായിരുന്നു. ദേവകിയോടൊപ്പം വർക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. കാരണം എനിക്കറിയാം അവർ അതിനനുസരിച്ച് പെർഫോം ചെയ്യുമെന്ന്. അതിന് ശേഷം ദേവകിയുടെ 'സ്ലീപ്‍ലെസ്‍ലി യുവേഴ്സ്' എന്ന ഷോ‍ർട്ട് ഫിലിമിലാണ് കാണുന്നത്. പക്ഷെ പുരുഷ പ്രേതത്തിൽ ദേവകി യോജിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. സിനിമയുടെ റൈറ്റ‍ർ അജിത് സ്ലീപ്‍ലെസ്‍ലി യുവേഴ്സ് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ദേവകിയിൽ വിശ്വാസമുണ്ടായിരുന്നു. അപ്പോഴും ഞാൻ ആ കഥാപാത്രത്തിലേക്ക് മറ്റ് ആളുകളെ നോക്കുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. ദേവകിയുടെ കൂടെ വർക്ക് ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും അത് ഈ സിനിമയിലായിരുന്നില്ല. അങ്ങനെ ഒടുവിൽ ഞങ്ങൾ ദേവകി തന്നെ മതി എന്ന് തീരുമാനിച്ചു.

ജഗദീഷുമായി ഇനിയും സിനിമയുണ്ടോ ?

തീർച്ചയായും ഉണ്ട്. അതൊരു ''ക്രേസി'' കഥയാണ്. കുറച്ച് ഇംപോസിബിൾ സിനിമയാണ്. അതിനേക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ട്.

കൃഷാന്ത് സിനിമകളെ സമീപിക്കുന്ന രീതി

എല്ലാത്തരം സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എന്താണ് വേണ്ടത്, എന്നെ എന്താണ് സന്തോഷിപ്പിക്കുന്നത് എന്നാണ് ഞാൻ തിരയുന്നത്. ക്രിട്ടിക്കൽ വ്യൂ പോയിന്റിലൂടെ ഞാൻ ഒരു സിനിമയും കാണാറില്ല. റഫറൻസുകളൊക്കെ ലഭിക്കുന്ന നിരവധി സിനിമകളുണ്ട് ഇന്ന്. എന്റെ 20കളിൽ തന്നെ കേബിൾ ടിവി കണക്ഷനും എച്ച ബി ഒ, സ്റ്റാർ മൂവീസ് ഒക്കെ ലഭ്യമായി തുടങ്ങിയിരുന്നു. അങ്ങനെ നമ്മുടെ എക്സ്പോഷർ കൂടി. വീഡിയോ ലൈബ്രറീസിൽ നിന്നും കാസറ്റ് കടയിൽ നിന്നുമല്ലാതെ നിരവധി കണ്ടന്റുകൾ കിട്ടിത്തുടങ്ങി. അതിൽ നിന്ന് പ്രചോദനം ഉണ്ടായിട്ടുണ്ട്. അതിനെ റീവർക്ക് ചെയ്തിട്ട് മലയാളത്തിലേക്ക് റീപ്ലെയ്സ് ചെയ്യാൻ തുടങ്ങി.

ഇന്ന് 20കളിൽ നിൽക്കുന്നവർക്ക് ഇത്രയും മാത്രമല്ല സാധ്യതകൾ. ഇന്നത്തെ ചെറുപ്പക്കാരുടെ കണ്ടന്റുകൾ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. അവർക്ക് ഒടിടി എന്ന പ്ലാറ്റ്ഫോം കൂടി ഉണ്ട്. ഒരേ സമയം കൊറിയൻ, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ നിരവധി ഭാഷകളിൽ കണ്ടന്റ് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഈ ജനറേഷൻ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന കണ്ടന്റുകൾ ഇതുവരെ കണ്ടിട്ടില്ലാത്തതാണ്. പഴയ സിനിമ സംവിധായകരുടെയും എഴുത്തുകാരുടെയും സിനിമകളിൽ കൂടുതലും അന്നത്തെ സാഹിത്യങ്ങളിൽ നിന്നും ഉടലെടുത്തതാണ്. നമുക്ക് ഇപ്പോഴും സാഹിത്യ സൃഷ്ടികൾ ഉണ്ടെങ്കിൽ പോലും സിനിമകളെ ആണ് ആശ്രയിക്കുന്നത്.

പക്ഷപാതം മാറ്റുക എന്നത് മനുഷ്യന് വളരെ പ്രയാസമുള്ള കാര്യമാണ്. എല്ലാ ദിവസവും നമ്മുടെ വർക്കിൽ ശ്രദ്ധിച്ചാൽ മാത്രമേ പക്ഷപാത മനോഭാവം മാറ്റാൻ പറ്റുകയുള്ളു. ഇന്ന് പല തരത്തിലുള്ള സിനിമകളാണ് വരുന്നത്. ഒന്ന് നല്ലത്, മറ്റൊന്ന് മോശം എന്ന് പറയുന്നത് തന്നെ അസാധ്യമാണ്. എല്ലാത്തരം സിനിമകളും കൺസ്യൂം ചെയ്യാൻ ആളുകൾ ഉണ്ട്. നമ്മൾ കാണുക, ആസ്വദിക്കുക, അതിൽ നമുക്ക് എടുക്കാൻ കഴിയുന്നതുണ്ടെങ്കിൽ എടുക്കുക. അത്രേയുള്ളു.

പുരഷ പ്രേതത്തിന് വേണ്ടിയുള്ള റിസർച്ചുകൾ....

പുരഷ പ്രേതത്തിന് വേണ്ടി ഒരുപാട് വർക്ക് ചെയ്തു. പുരുഷ പ്രേതം ചെയ്യാൻ പറ്റാതിരുന്നത് കൊണ്ട് ആ സമയത്ത് ചെയ്ത സിനിമയാണ് ആവാസവ്യൂഹം. പുരുഷ പ്രേതം വലിയ സിനിമയായി തന്നെ നിർമ്മിക്കേണ്ടതായിരുന്നു. ഇൻഡസ്ട്രിയിൽ മുൻ നിരയിലുള്ള ആളുകളും കാസ്റ്റിംഗിലുണ്ടായിരുന്നു. സിനിമയുടെ ഴോണറും അങ്ങനെയാണ്. 2017-ൽ അജിത് ആദ്യ ഡ്രാഫ്റ്റ് എഴുതി. 2018 ആയപ്പോഴേക്കും ഇത് സംവിധാനം ചെയ്യുന്നതിലേക്ക് പറഞ്ഞുവെച്ചു.

2019 പകുതിയായപ്പോഴേക്കും ഇതിൽ ഹ്യൂമർ വർക്ക് ചെയ്തു. ഇതിനിടയിൽ തന്നെ റിസർച്ച് മാറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കാരണം ഇത് മരണാനന്തര നടപടിക്രമങ്ങൾ (പ്രൊസീജ്വറൽ) കാണിക്കുന്ന സിനിമയാണ്. ഈ നടപടിക്രമങ്ങൾ ഒരുടത്തും ശരിയായി അല്ല കാണിക്കുന്നത്. ഒരോ സ്ഥലത്തും അവരുടേതായ രീതിയിലാണ് ഇത് പിന്തുടരുന്നത്. ഒരെണ്ണം നമ്മൾ എഴുതിവെച്ചിട്ട് മറ്റൊരു ജില്ലക്കാരനോട് പറഞ്ഞാൽ അയാൾ പറയും അവിടെ അങ്ങനെയല്ല ചെയ്യുന്നത് എന്ന്. ഒരവസരത്തിൽ ഒരു എട്ട് ഒൻപത് ജില്ലകൾ കവ‍‍ർ ചെയ്തപ്പോൾ ഞങ്ങൾക്ക് മനസിലായി ഇതിന് അങ്ങനെ ശരിയായ ക്രമങ്ങൾ ഇല്ല എന്ന്. അതുകൊണ്ട് എല്ലായിടത്തുനിന്നും വിവരങ്ങൾ ശേഖരിച്ചു.

ഇതിന്റെ റിസേർച്ച് കുറേപോയിരുന്നു. അജിത്, വൈശാഖ് റീത്ത എന്നിവരാണ് ഇത് ചെയ്തത്. എഴുതുന്ന സമയത്ത് മാത്രമാണ് ഞാൻ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്നെ ഇതിന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ എഴുത്തിൽ മനോജ് എന്ന പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. കൂടാതെ ജനറൽ ആശുപത്രിയിലെ ഒരു പൊലീസ് സർജൻ സഹായിച്ചു. ആവാസവ്യൂഹം കുറച്ചുകൂടി വിശാലവും ആഴത്തിലുള്ളതുമായിരുന്നു. പുരഷ പ്രേതത്തിൽ കഥയെ ബോധ്യപ്പെടുത്താനുള്ള വിവരങ്ങൾക്ക് വേണ്ടിയാണ് റിസർച്ച് ചെയ്തത്.

എന്തുകൊണ്ട് ഒടിടി റിലീസ്

ഇത് കുറച്ച് വലിയ സിനിമയാണ്. മാത്രമല്ല കഥാപാത്രം ഡെവലപ്പ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്. തിയേറ്ററിൽ വന്നാലും ആളുകൾക്ക് ആസ്വദിക്കാൻ കഴിയും. പക്ഷെ ഒടിടിയുടെ സൗകര്യത്തിൽ ഇരുന്ന് കാണുമ്പോൾ അതിന്റെ ഹ്യൂമറോക്കൊ വളരെ രസകരമായി ആസ്വദിക്കാം. മാത്രമല്ല കൂടുതൽ ആളുകളിലേക്കും എത്തും എന്നുള്ളതുകൊണ്ടാണ് ഒടിടി റിലീസായി ആലോചിച്ചത്. നിങ്ങൾ ഒരു മുന്ന് നാല് പേര് ഒത്തിരുന്ന് കണ്ട് കഴിഞ്ഞാൽ ഭയങ്കര ഫൺ ആയി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് പുരുഷ പ്രേതം.

STORY HIGHLIGHTS: Interview with Purushapretham Director Krishand

Next Story