

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്്, തങ്ങളുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) കരട് രേഖകള്‍ മേയ് മാസത്തില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ വെച്ച് മാര്‍ച്ച് അവസാനത്തോടെ ഐപിഒ രേഖകള്‍ സമര്‍പ്പിക്കാനായിരുന്നു റിലയന്‍സ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇറാനിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച വിപണിയിലെ ഇടിവ് കാരണം തീരുമാനം നീട്ടിവെക്കുകയായിരുന്നു.
ജിയോ ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പനയായി മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പൂര്‍ണമായ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും മേയില്‍ അപേക്ഷ നല്‍കുക. ഇത് ജിയോയുടെ വരിക്കാരുടെ എണ്ണത്തിലെ വളര്‍ച്ചയും, ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനവും ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ചിത്രം നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ ഒരു പ്രധാന വിഭാഗം പൊതുവിപണിയിലേക്ക് എത്തുന്ന ആദ്യ അവസരമാണിത്.
ഐപിഒ നടപടികള്‍ക്കായി റിലയന്‍സ് ഇതിനകം 19 ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഗോള്‍ഡ്മാന്‍ സാക്‌സ്, എച്ച്എസ്ബിസി ഹോള്‍ഡിങ്‌സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തയാഴ്ച റിലയന്‍സിന്റെ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്നതിനാല്‍ നിലവില്‍ കമ്പനി മൗനം പാലിക്കുകയാണെന്നും ഐപിഒയുടെ ഘടനയും സമയവും സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Highlights: Reliance Jio IPO delayed? India's largest public offer has some good news in May