12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച

ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്

12,000 കോടിയുടെ കമ്പനി വിറ്റത് 74 രൂപയ്ക്ക്! കോര്‍പറേറ്റ് ലോകത്തെ ഞെട്ടിച്ച ബി.ആര്‍. ഷെട്ടിയുടെ വന്‍വീഴ്ച
ബിജീഷ് ബാലകൃഷ്ണൻ
1 min read|13 Apr 2026, 11:00 am
dot image

100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനി കെട്ടിപ്പടുക്കുക എന്നത് സംരംഭകരുടെ വലിയ സ്വപ്നമാണ്. എന്നാല്‍ ആ കമ്പനിയെ സുതാര്യമായി നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ തയ്യാറാവുന്നുള്ളൂ. വളര്‍ച്ചയേക്കാള്‍ കൂടുതല്‍ സുതാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി.ആര്‍. ഷെട്ടിയുടെ കഥ. പ്രതാപകാലത്ത് 1000 കോടി ഡോളറിലധികം മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് ഷെട്ടി കെട്ടിപ്പടുത്തത്.

എന്നാല്‍ ബിസിനസിന്റെ ഔന്നത്യത്തില്‍ തകരുകയും, കമ്പനി വെറും 74 രൂപയ്ക്ക് (1 ഡോളര്‍) വില്‍ക്കപ്പെടുകയും ചെയ്തു. ഇതൊരു അതിശയോക്തിയോ കെട്ടുകഥയോ അല്ല; കോടതി വിധികളും മരവിപ്പിക്കപ്പെട്ട ആസ്തികളും അടങ്ങുന്ന ഒരു യഥാര്‍ഥ കോര്‍പറേറ്റ് പരാജയമാണ്. പുതുതലമുറ സംരംഭകര്‍ക്ക് പ്രായോഗിക പാഠപുസ്തകമാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച. എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ഇതില്‍നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം.

ആദ്യകാല ജീവിതവും വളര്‍ച്ചയും

1942ല്‍ ഉഡുപ്പിയില്‍ തുളു സംസാരിക്കുന്ന ബണ്ട് കുടുംബത്തിലാണ് ബി.ആര്‍. ഷെട്ടി ജനിച്ചത്. കന്നഡ മീഡിയം സ്‌കൂളില്‍ പഠിച്ച അദ്ദേഹം പിന്നീട് മണിപ്പാലില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ പഠനം പൂര്‍ത്തിയാക്കി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, മെച്ചപ്പെട്ട അവസരങ്ങള്‍ തേടി 1973ല്‍ അദ്ദേഹം ഇന്ത്യ വിട്ടു. അന്ന് വളര്‍ന്നുവരുന്ന രാജ്യമായിരുന്ന യുഎഇയിലേക്കാണ് അദ്ദേഹം പോയത്. യുഎഇയില്‍ എത്തിയ ഷെട്ടി ആദ്യം ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിട്ടാണ് ജോലി ചെയ്തത്. വാസ്തവത്തില്‍, ആ രാജ്യത്തെ ആദ്യ മെഡിക്കല്‍ റെപ്രസന്റേറ്റീവ് അദ്ദേഹമായിരുന്നു.

1975ല്‍ അദ്ദേഹം ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍എംസി) എന്ന പേരില്‍ ഒരു ചെറിയ ക്ലിനിക്ക് ആരംഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രകുമാരി ഷെട്ടി മാത്രമായിരുന്നു ആ ക്ലിനിക്കിലെ ഏക ഡോക്ടര്‍. ജനസംഖ്യ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയില്‍ മിതമായ നിരക്കില്‍ മികച്ച ചികിത്സ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയം. കാലക്രമേണ, എന്‍എംസി യുഎഇക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. അത് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഒരു ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി മാറി.

ബിസിനസ് വളർച്ച

ആരോഗ്യമേഖലയില്‍ മാത്രം ഷെട്ടി ഒതുങ്ങിനിന്നില്ല. 1980ല്‍ അദ്ദേഹം യുഎഇ എക്‌സ്‌ചേഞ്ച് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി പണമയക്കാന്‍ വേണ്ടിയായിരുന്നു ഇത്. 2003ല്‍ അബുദാബിയില്‍ നിയോഫാര്‍മ എന്ന മരുന്ന് നിര്‍മാണ യൂണിറ്റ് തുടങ്ങി. 2014ല്‍ അന്താരാഷ്ട്ര ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലക്‌സ് അദ്ദേഹം സ്വന്തമാക്കി. ഈ ബ്രാന്‍ഡുകളെല്ലാം 'ഫിനാബ്ലര്‍' എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴിലാണ് അദ്ദേഹം നിയന്ത്രിച്ചിരുന്നത്. 2012ല്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎഇ ആരോഗ്യ സംരക്ഷണ കമ്പനിയായി എന്‍എംസി ഹെല്‍ത്ത് മാറി.

തുടക്കത്തില്‍ 1 ബില്യണ്‍ ഡോളറിലധികം മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം പിന്നീട് 10 ബില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നു. ഷെട്ടിയുടെ വ്യക്തിഗത ആസ്തി 3.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്‌കാരം ലഭിച്ച അദ്ദേഹം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സ്വത്തുക്കളുടെ ഉടമയായിരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഇതൊരു വലിയ വിജയഗാഥയായിരുന്നു.

തകര്‍ച്ചയുടെ തുടക്കം

2019 ഡിസംബറിലാണ് തകര്‍ച്ചയുടെ തുടക്കം. അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്‍എംസി ഹെല്‍ത്ത് തങ്ങളുടെ പക്കലുള്ള പണം പെരുപ്പിച്ചു കാട്ടുകയും നിക്ഷേപകരില്‍നിന്ന് കടബാധ്യതകള്‍ മറച്ചുവെക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. 2020ന്റെ തുടക്കത്തോടെ, മുമ്പ് വെളിപ്പെടുത്താത്ത 4 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുള്ളതായി എന്‍എംസി ഹെല്‍ത്ത് സമ്മതിച്ചു.

വ്യാജരേഖകള്‍ ചമയ്ക്കല്‍, അനുമതിയില്ലാത്ത വായ്പകള്‍, കമ്പനിക്കുള്ളിലെ മോശം ഭരണസംവിധാനം എന്നിവ അന്വേഷണത്തില്‍ കണ്ടെത്തി. 2020 ഫെബ്രുവരിയില്‍ ഷെട്ടി തന്റെ സ്ഥാനങ്ങള്‍ രാജിവെക്കുകയും തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. നേതൃത്വത്തിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്ത വിധം, അത്രത്തോളം വ്യാപകമായിരുന്നു പ്രശ്‌നങ്ങളെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.

വീഴ്ചയുടെ ആഘാതം

ഈ പ്രതിസന്ധി യുഎഇ എക്‌സ്‌ചേഞ്ച്, ഫിനാബ്ലര്‍ തുടങ്ങിയ അനുബന്ധ കമ്പനികളിലേക്കും അതിവേഗം പടര്‍ന്നു. 2020 ഏപ്രില്‍ 8ന് യുകെ ഹൈകോടതി എന്‍എംസി ഹെല്‍ത്തിനെ അഡ്മിനിസ്‌ട്രേഷന് കീഴിലാക്കി. 80ലധികം ബാങ്കുകള്‍ക്കും കടം നല്‍കിയവര്‍ക്കും വലിയ നഷ്ടം നേരിട്ടു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് മാത്രം ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. 2020 നും 2023 നും ഇടയില്‍, ഷെട്ടിയുടെ ആസ്തികള്‍ മരവിപ്പിക്കപ്പെട്ടു, അദ്ദേഹത്തിനെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

2025 ഒക്ടോബറില്‍ ദുബായ് ഡിഐഎഫ്സി കോടതി ബി.ആര്‍. ഷെട്ടിയോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 46 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ഉത്തരവിട്ടു. 50 മില്യണ്‍ ഡോളറിന്റെ ലോണിന് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇമെയിലുകള്‍, സാക്ഷിമൊഴികള്‍, ഫോട്ടോകള്‍, കൈയക്ഷര പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ സുപ്രധാന തീരുമാനം.

എന്‍എംസി ഹെല്‍ത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് പുതിയ ഉടമസ്ഥാവകാശത്തിന് കീഴിലാണ്. ഷെട്ടി ഇപ്പോഴും നിയമപോരാട്ടങ്ങളിലാണ്, അദ്ദേഹത്തിന്റെ ആസ്തികള്‍ മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. നാല് പതിറ്റാണ്ടിലേറെ സമയമെടുത്ത് കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. പുതുതലമുറ സംരംഭകര്‍ക്ക് ഇതില്‍നിന്ന് ലഭിക്കുന്ന പാഠം ലളിതമാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എത്ര വലുതാണെങ്കിലും അത് സുതാര്യതയില്‍ അധിഷ്ഠിതമായിരിക്കണം. സത്യസന്ധമായ ഒരു കമ്പനിയെ തകര്‍ക്കാന്‍ പുറത്തുനിന്നുള്ള ഒരു ആക്രമണത്തിനും കഴിയില്ല. എന്നാല്‍ ഒളിച്ചുവെച്ച കടബാധ്യതകളില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല.

Content Highlights: Rs 12000 Crore Company Sold for Rs 74: Shocking fall of BR Shetty that stunned corporate world — a lesson for new-age entrepreneurs

dot image
To advertise here,contact us
dot image