'കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട പോരാളി'; വിട പറഞ്ഞ മലയാളി നഴ്‌സിനെ ഓര്‍മിച്ച് പ്രവാസികള്‍

കോവിഡ് 19ന്റെ സമയത്ത് ഒരു സാധാരണ ടെസ്റ്റ് നടത്തിയപ്പോഴാണ് സൗമ്യയ്ക്ക് കാൻസറാണെന്ന് തിരിച്ചറിയുന്നത്

'കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട പോരാളി'; വിട പറഞ്ഞ മലയാളി നഴ്‌സിനെ ഓര്‍മിച്ച് പ്രവാസികള്‍
dot image

കാന്‍സര്‍ ബാധിച്ച് മരിച്ച മലയാളി നഴ്‌സ് സൗമ്യയ്ക്ക് അനുശോചനം രേഖപ്പെടുത്തി ദുബൈയിലെ നഴ്‌സുമാര്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അല്‍ മുഹൈസനായിലായിരുന്നു അനുശോചന ചടങ്ങ്. സൗമ്യ ജോലി ചെയ്ത റാഷിദ് ആശുപത്രിയില്‍ നിന്നും യുഎഇയിലെ മറ്റ് ആശുപത്രികളില്‍ നിന്നുമുള്ള നഴ്‌സുമാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഷാര്‍ജയിലെ പള്ളികളിലെ സഭാംഗങ്ങളും പങ്കെടുത്തു. ഇന്നലെ രാത്രിയോടെയാണ് സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

ശ്വാസകോശ കാന്‍സറുമായി പോരാടിയ സൗമ്യ അഗസ്റ്റിന്‍ വ്യാഴാഴ്ച രാത്രിയായിരുന്നു മരിച്ചത്. ദുബൈയിലെ റാഷിദ് ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. 41കാരിയായ സൗമ്യ ഭര്‍ത്താവിനും മൂന്ന് ചെറിയ മക്കൾക്കുമൊപ്പം ദുബായില്‍ തന്നെയായിരുന്നു താമസം.

കോവിഡ് 19ന്റെ സമയത്ത് ഒരു സാധാരണ ടെസ്റ്റ് നടത്തിയപ്പോഴാണ് സൗമ്യയ്ക്ക് കാൻസറാണെന്ന് തിരിച്ചറിയുന്നത്. നേരത്തെ തന്നെ തിരിച്ചറിഞ്ഞത് കൊണ്ട് ചികിത്സ നടത്തി കാന്‍സര്‍ മുക്തയായെന്ന് കരുതിയതായിരുന്നു സൗമ്യ. എന്നാല്‍ രോഗം വീണ്ടും പിടിപെടുകയും ചികിത്സ വീണ്ടും ആരംഭിക്കുകയുമായിരുന്നു.

പക്ഷേ സൗമ്യ തന്റെ രോഗത്തെ ഒരു പ്രശ്‌നമായി കാണാതെ ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരാളായിരുന്നു സൗമ്യയെന്നും ഒരു പോരാളിയായിരുന്നുവെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. രഹസ്യമായി തന്റെ അസുഖത്തോട് പോരാടിയ എല്ലായ്‌പ്പോഴും പുഞ്ചിരിയോടെ നടക്കുന്ന ഒരാളായിരുന്നു സൗമ്യയെന്ന് സഹപ്രവര്‍ത്തകരും കുടുംബവും ഓര്‍മിച്ചു.

Content Highlights: Dubai-based nurses expressed condolences Malayali nurse Soumya, who passed away after battling cancer. The nursing community remembered her with respect and paid tribute to her life and service.

dot image
To advertise here,contact us
dot image