

കോഴിക്കോട് ബീച്ചിൽ ‘അതിരടി’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട ടൊവിനോ തോമസിന്റെയും രഞ്ജിനി ഹരിദാസിന്റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് യഥാർത്ഥത്തിൽ നടന്ന സംഭാവനകൾ വിശദീകരിച്ച് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഇതിന് മുൻപ് വലിയ പരിപാടികളിൽ അവതാരകയായി ചെന്നപ്പോൾ തനിക്ക് നേരിട്ട അനുഭവം രഞ്ജിനി പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മറഡോണ കണ്ണൂരിൽ വന്ന സമയത്ത് ആൾക്കൂട്ടത്തിനെ നിയന്ത്രിക്കാൻ പാട് പെട്ടുവെന്നും അതിനിടയിൽ ഒരാൾ തന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്നും രഞ്ജിനി പറയുന്നു.
'പണ്ട് മറഡോണ വന്ന സമയത്ത് കണ്ണൂര്‍ ഒരു പരിപാടി ഹോസ്റ്റ് ചെയ്യാന്‍ ഞാന്‍ പോയിരുന്നു. മറഡോണ ആദ്യമായാണ് കേരളത്തില്‍ വരുന്നത്. ആളുകള്‍ കരുതിയത് ഞാനും മറഡോണയും സുഹൃത്തുക്കളാണെന്നാണ്. എന്നാല്‍ ഞാന്‍ മറഡോണയെ ആദ്യമായി കാണുന്നത് ആ വേദിയില്‍ വച്ചാണ്. സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. ആ സമയത്ത് അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കാമുകിയാണെന്നൊക്കെ വാര്‍ത്ത വന്നിരുന്നു. സ്റ്റേജില്‍ വളരെ നല്ല സമയമായിരുന്നു ചെലവിട്ടത്.
താരം ആരാണെങ്കിലും അവസാനം അവര്‍ പോകും, അവശേഷിക്കുക ഞാന്‍ മാത്രമായിരിക്കും. മറഡോണയുടെ ഷോ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തോടുള്ള ഭ്രാന്തമായ ആരാധന മുഴുവന്‍ എന്റെ നേരെയായി. നിര്‍ഭാഗ്യവശാല്‍ വളരെ മോശം സുരക്ഷയായിരുന്നു.പുറത്തേക്ക് ഇറങ്ങിയെങ്കിലും വണ്ടിയില്ല. മറഡോണയെ തൊടാന്‍ പറ്റാത്തവരെല്ലാം എന്നെ തൊടാന്‍ വന്നു. നിര്‍ഭാഗ്യവശാല്‍ ഞാനൊരു പെണ്ണായിപ്പോയി. ദേഹത്ത് തൊട്ടാല്‍ പ്രതികരിക്കുന്ന പെണ്ണ്.
ഞാനിത് ജീവിതത്തില്‍ മറക്കില്ല. സ്റ്റേഡിയത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്റെ ചുറ്റും ഇവന്റ്മാനേജ്‌മെന്റിലെ അഞ്ച് പേരുണ്ട്. അവരുടെ ചുറ്റുമായി 200-300 പേരും. കൂട്ടിലകപ്പെട്ട മൃഗത്തെപ്പോലെയാണ് തോന്നിയത്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഇതിന് ഇടയിലൂടെ ഒരാള്‍ എന്റെ ദേഹത്ത് കയറി പിടിക്കാന്‍ ശ്രമിച്ചു. ഞാനിത് ഒരിക്കലും മറക്കില്ല. ഞാന്‍ അവന്റെ കയ്യില്‍ കയറി പിടിച്ചു. എന്നിട്ട് രഞ്ജിനിയുടെ വക ഒരു ഷോ ഉണ്ടായിരുന്നു. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ തെറി കേട്ടു. അന്നും ഇന്നും അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊട്ടാല്‍ ഞാന്‍ പ്രതികരിക്കും.
അവനെ ഞാന്‍ പിടിച്ചുതള്ളി, അലറി. അവിടെ നിന്നിരുന്ന പൊലീസുകാരോട് നിങ്ങളെന്ത് പൊലീസാണ്? എന്നെ സംരക്ഷിക്കേണ്ടത് നിങ്ങളല്ലേ എന്ന് ചോദിച്ചു. ആളുകളെ തള്ളിമാറ്റി അവിടെ നിന്നും ഓടി രക്ഷപ്പെട്ട ഞാന്‍ ഏതോ ഒരു വണ്ടിയ്ക്ക് കൈ കാണിച്ചു നിര്‍ത്തി. അതൊരു മാധ്യമത്തിന്റെ വണ്ടിയായിരുന്നു. അതിലാണ് ഞാന്‍ അവിടെ നിന്നും പോയത്. പിറ്റേ ദിവസം വന്ന വാര്‍ത്ത രഞ്ജിനി ഹരിദാസ് കണ്ണൂരില്‍ ആളെ തെറി വിളിച്ചു എന്നായിരുന്നു.അന്ന് കാമറ ഫോണൊന്നും ഉണ്ടായിരുന്നില്ല.
ഓണ്‍ലൈന്‍ മീഡിയയുമില്ല. അന്നത് ഉണ്ടായിരുന്നുവെങ്കില്‍ സത്യം പുറത്ത് വന്നിരുന്നേനെ എന്ന് അതിരടി ഫെസ്റ്റിലെ സംഭവം നടന്ന ശേഷം ഞാന്‍ ഓര്‍ത്തു. അന്ന് തെറിവിളിച്ചവരുടെ അടുത്ത തലമുറ ഇന്ന് ഞാന്‍ ചെയ്തത് ശരിയാണ് എന്നാണ് പറയുന്നത്.ഒരിക്കല്‍ ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍, ഓഡിയന്‍സില്‍ നിന്നൊരാള്‍ ബ്ലേഡ് വച്ച് കട്ട് ചെയ്തു. അത് കൊണ്ടത് അടുത്ത് നിന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിലും. രക്തം ഒഴുകുകയായിരുന്നു. പ്രോഗ്രാമുകളില്‍ പോകുമ്പോള്‍ ചിലര്‍ കടിക്കും, മാന്തും.. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. അങ്ങനെയാണ് നമ്മള്‍ നമ്മളെ സംരക്ഷിക്കാന്‍ തുടങ്ങിയത്,' രഞ്ജിനി പറഞ്ഞു.
Content Highlights: Ranjini Haridas has spoken about her experience hosting a high-profile event in Kerala featuring Diego Maradona, describing it as both unforgettable and emotionally overwhelming. She recalled that the event, held in Kannur, drew an enormous crowd and turned chaotic due to the overwhelming public response.she also noted the difficulties she faced managing the stage, crowd pressure, and the unpredictability of the situation.