നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഏകദേശം 22,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം

നഷ്ടം പെരുകുന്നു, സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ; ജീവനക്കാരെ അവധിയില്‍ വിട്ടേക്കും
dot image

പശ്ചിമേഷ്യാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കുന്നതിന് വഴികളാലോചിച്ച് എയര്‍ ഇന്ത്യ. ഗുരുഗ്രാമിലെ ആസ്ഥാനത്ത് നടന്ന ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള നിര്‍ദേശങ്ങളില്‍ ധാരണയായെന്നാണ് വിവരം. നിലവിലെ സ്ഥിതി തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത മൂന്നുമാസത്തേക്ക് സര്‍വീസുകള്‍ 20 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതാണ് പ്രഥമപരിഗണനയില്‍ വരുന്നത്. കൂടാതെ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ വിടുന്നതിനും ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. നോണ്‍ ടെക്‌നിക്കല്‍ ജീവനക്കാരെയാകും ഇത്തരത്തില്‍ നിര്‍ബന്ധിത അവധിയില്‍ വിടുക.

ജീവനക്കാര്‍ക്കുള്ള ബോണസ് കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനുമാണ് മറ്റൊരു നിര്‍ദേശം. വൈസ് പ്രസിഡന്റ് മുതല്‍ മുകളിലേക്കാകും ശമ്പളം കുറയ്ക്കുക. എയര്‍ ഇന്ത്യയുടെ ശമ്പളപാക്കേജിന്റെ ഭാഗമായുള്ളതാണ് ബോണസ്. കമ്പനിയുടെ നഷ്ടം പെരുകുന്ന സാഹചര്യത്തിലാണ് ബോണസ് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഏകദേശം 22,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. അതേസമയം, ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് സിഇഒ. കാംബെല്‍ വില്‍സണ്‍ അറിയിച്ചു. ജീവനക്കാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പള വര്‍ധന നടപ്പാക്കുന്നതും നീട്ടിവെച്ചു. അടുത്ത പാദത്തില്‍ മാത്രമേ ഇക്കാര്യം പരിഗണിക്കൂ. ജീവനക്കാരെ പിരിച്ചുവിടില്ലെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യാസംഘര്‍ഷത്തെത്തുടര്‍ന്ന് വ്യോമപാതകളില്‍ നിയന്ത്രണം തുടരുന്നത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് വലിയതോതില്‍ ഉയര്‍ത്തുകയാണ്. ഇന്ധനലഭ്യത കുറഞ്ഞത് വിമാന ഇന്ധനവില ഗണ്യമായി ഉയരാനും കാരണമായി. ഇതേത്തുടര്‍ന്ന് അഞ്ഞൂറോളം അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവുചുരുക്കുന്നതിനുള്ള നടപടികളിലേക്ക് കമ്പനി ഗൗരവമായി നീങ്ങുന്നത്.

ടാറ്റാ ട്രസ്റ്റ് ട്രസ്സീയോഗം 16ലേക്ക് മാറ്റി

വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ടാറ്റാ ട്രസ്റ്റുകളുടെ ബോര്‍ഡ് യോഗം മേയ് 16ലേക്ക് മാറ്റിവെച്ചു. ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ക്ക് നേതൃത്വം നല്‍കുന്ന ടാറ്റാ സണ്‍സില്‍ ഭൂരിഭാഗം ഓഹരികള്‍ കൈയാളുന്ന സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് യോഗങ്ങളാണ് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നത്. നിയമനടപടികളുടെകൂടി പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചതെന്നാണ് വിവരം.
ടാറ്റാ സണ്‍സിലെ ടാറ്റാ ട്രസ്റ്റികളുടെ പ്രാതിനിധ്യം, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ പുനര്‍ നിയമനം എന്നിവയടക്കം നിര്‍ണായക വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരുന്നത്.

ടാറ്റാ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വൈസ് ചെയര്‍മാന്‍മാരായ വേണു ശ്രീനിവാസനും വിജയ് സിങ്ങും പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് ടാറ്റാ ട്രസ്റ്റുകളുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. അതിനാല്‍, ഇക്കാര്യം യോഗത്തില്‍ പരിഗണിക്കാനായി അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നതായാണ് സൂചന. അതിനിടെ, സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റ് മഹാരാഷ്ട്ര ചാരിറ്റി കമ്മിണറുടെ പുതിയ നയഭേദഗതി പാലിച്ചില്ലെന്നുകാട്ടി ബോര്‍ഡ് യോഗം തടയണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി എത്തി. വ്യാഴാഴ്ച ഇത് കോടതി തള്ളിയിരുന്നു. രത്തന്‍ ടാറ്റാ ട്രസ്റ്റിലെ ആജീവനാന്ത അംഗങ്ങളുടെ എണ്ണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

Content Highlights: Air India is considering major cost-cutting steps amid the Iran war, including furloughs for nontechnical staff, salary cuts for senior executives, lower bonuses and reducing flight capacity by over 20% for the next three months.

dot image
To advertise here,contact us
dot image