വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്, റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി

വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്
dot image

തിരുവനന്തപുരത്ത് പ്രകടനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഐഎന്‍ടിയുസി നേതാവ് പ്രതാപനും കൈമനം പ്രഭാകരനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കര്‍ശന നിര്‍ദേശം.

മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വത്തം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.

കേരളം ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. വിഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രകടനങ്ങളും ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്കലംഘനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയത്.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.

പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഫ്ളക്സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ അഭിപ്രായപ്പെട്ടത്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അത് ചെയ്യില്ല. പ്രശ്നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല. അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.

Content Highlights: rotest by VD supporters; KPCC issues show cause notice to leaders for strict action

dot image
To advertise here,contact us
dot image