

തൃശൂര്‍: വെടിക്കെട്ടുപുര അപകടത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വേദനയുടെ ആഴം പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
പൂരം നടത്തിപ്പില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ സമചിത്തതയോടെ കാര്യങ്ങള്‍ തീരുമാനിക്കണം. നഷ്ടപരിഹാര പ്രഖ്യാപനം അന്തിമമാകരുത്. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അപകടം നടന്നതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര്‍ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
Content Highlights: KPCC president Sunny Joseph about Thrissur firework tragedy