

വാഷിംഗ്ടൺ: സമാധാന പ്രതീക്ഷകള്‍ നല്‍കികൊണ്ട് ഇറാനും യുഎസും പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിന്‍റെ അനുരണങ്ങള്‍ വിപണിയിലും പ്രതിഫലിക്കുന്നു. ഇറാനിലെ ബോംബിങ് രണ്ട് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് വിപണിയിൽ മാറ്റം സംഭവിച്ചുതുടങ്ങിയത്. പാകിസ്ഥാന്റെ ഇടപെടലിലൂടെ അമേരിക്ക വെടിനിർത്തല്‍ കരാറിലേക്ക് എത്തുകയാരുന്നു. നിർദേശം ഇറാനും അംഗീകരിച്ചു.
വെടിനിർത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ വില ട്രോയ് ഔണ്‍സിന് 1.6 ശതമാനം വരെ ഉയർന്ന് ഔൺസിന് ഏകദേശം 4,780 ഡോളറിനടുത്തെത്തി. കഴിഞ്ഞ ദിവസസും സ്വർണവിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. വെള്ളിവില 2.6 ശതമാനം ഉയർന്ന് 74.90 ഡോളറിലെത്തി. യുഎസ് ഡോളർ 0.3 ശതമാനം ദുർബലമായതും എണ്ണ വില ഇടിഞ്ഞതും സ്വർണ്ണത്തിന് കരുത്തായി മാറുകയായിരുന്നു.
ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം കാരണം ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം വലിയ തോതില്‍ തടസ്സപ്പെട്ടു. ഇത് ഇന്ധന വില ഉയർത്തുകയും ആഗോളമായി തന്നെ പണപ്പെരുപ്പ ഭീതി വർധിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കും അല്ലെങ്കില്‍ ഉയർത്തുമെന്ന ആശങ്കയും വിപണിയില്‍ ശക്തമായി. ഫെഡറൽ റിസർവ് വർഷാവസാനം വരെ നിരക്കുകൾ മാറ്റില്ലെന്ന് ബോണ്ട് ട്രേഡർമാർ പ്രതീക്ഷിച്ചു. സ്വാഭാവികമായി ഇത് പലിശയില്ലാത്ത സ്വർണ്ണത്തിന് തിരിച്ചടിയായി.
യുദ്ധം തുടങ്ങിയതുമുതൽ സ്വർണ്ണ വില ഏകദേശം 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. യുദ്ധസമയത്ത് പതിവില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗത സുരക്ഷിത ആസ്തിയായ സ്വർണ്ണത്തിന്റെ ആകർഷണം കുറഞ്ഞു. നിക്ഷേപകർ മറ്റിടങ്ങളിലെ നഷ്ടങ്ങൾ നികത്താൻ സ്വർണ്ണം വിൽക്കേണ്ടിവന്നു. എന്നാൽ ട്രംപിന്റെ താത്ക്കാലിക പ്രഖ്യാപനം വിപണിയിൽ ആശ്വാസം സൃഷ്ടിച്ചു. ബ്രെന്റ് ക്രൂഡ് വില ഗണ്യമായി ഇടിഞ്ഞു. യുഎസ് ക്രൂഡ് നിരക്ക് 15 ശതമാനം വരെയാണ് താഴ്ന്നത്. ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകളും ഉയർച്ചയിലാണ്.
രണ്ട് ആഴ്ചത്തെ യുദ്ധ വിരാമം നയതന്ത്ര സാധ്യതകൾ തുറക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാൽ ഹോർമുസ് തുറക്കൽ പൂർണമായി നടന്നില്ലെങ്കിൽ ആക്രമണം വീണ്ടും ആരംഭിക്കാം. യുദ്ധം നീണ്ടാൽ എണ്ണ വില ഉയരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യും. അത് ഫെഡിന്റെ നയത്തെ കൂടുതൽ കർശനമാക്കും. സ്വർണ്ണ നിക്ഷേപകർക്ക് ഈ അനിശ്ചിതത്വം വെല്ലുവിളിയാണ്. എങ്കിലും ഡോളറിന്റെ ദുർബലതയും ഊർജ്ജ വിലയിലെ താൽക്കാലിക ഇളവും സ്വർണ്ണത്തിന് താൽക്കാലിക ഊർജ്ജം നൽകുന്നു.
ക്രൂഡ് ഓയിലില്‍ സംഭവിച്ചത്
യുദ്ധം ആരംഭിച്ച ഫെബ്രുവരി അവസാനം മുതൽ ഹോർമുസ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ വിതരണത്തെ ബാധിച്ചു. ഇപ്പോൾ ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ബ്രെന്റ് ക്രൂഡ് ഏകദേശം 13-15 ശതമാനം ഇടിഞ്ഞ് 94-95 ഡോളർ നിലവാരത്തിലെത്തി. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു. മാർച്ച് മാസത്തിൽ ബ്രെന്റ് 100 ഡോളറിന് മുകളിലും ചിലപ്പോൾ 110 ഡോളറിനടുത്തും എത്തിയിരുന്നു. ഹോർമുസ് അടഞ്ഞ് കിടന്നതിനോടൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളിലെ ഉത്പാദനം കുറഞ്ഞതും വില ഉയരാന്‍ കാരണമായി.
എന്നാൽ ട്രംപിന്റെ രണ്ട് ആഴ്ചത്തെ വിരാമം പ്രഖ്യാപനം വന്നതോടെ വില പെട്ടെന്ന് താഴ്ന്നു. ഹോർമുസ് പൂർണമായി തുറന്നാൽ എണ്ണ വിതരണം സാധാരണ നിലയിലേക്ക് എത്തിയേക്കും. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാൽ സ്വർണത്തിലെന്നപോലെ ക്രൂഡ് ഓയിലിലും വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്. നിലവിൽ ഈ താൽക്കാലിക ആശ്വാസം ആഗോള വിപണികൾക്ക് ഗുണകരമാണ്. പക്ഷേ യുദ്ധം തുടർന്നാൽ പണപ്പെരുപ്പവും ഊർജ്ജ പ്രതിസന്ധിയും വീണ്ടും ശക്തമാകും.
Content Highlights: Moves toward peace in the Middle East are impacting global commodity markets, particularly gold and crude oil